മെല്‍ബേണ്‍ സ്റ്റാര്‍സിനെതിരെ 9 വിക്കറ്റ് വിജയം സ്വന്തമാക്കി ബ്രിസ്ബെയിന്‍ ഹീറ്റ്. ഒന്നാം വിക്കറ്റില്‍ ബ്രണ്ടന്‍ മക്കല്ലം-ക്രിസ് ലിന്ന് കൂട്ടുകെട്ട് നേടിയ 10 റണ്‍സാണ് ടീമിനെ അനായാസ ജയത്തിലേക്ക് നയിച്ചത്. 32 പന്തുകള്‍ ശേഷിക്കെയാണ് മെല്‍ബേണ്‍ സ്റ്റാര്‍സ് നല്കിയ 142 റണ്‍സ് ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ ഹീറ്റ് മറികടന്നത്. 101 റണ്‍സ് നേടിയ മക്കല്ലം-ക്രിസ് ലിന് കൂട്ടുകെട്ടാണ് വിജയത്തിനു അടിത്തറ പാകിയത്. ഇരുവരും തങ്ങളുടെ അര്‍ദ്ധ ശതകങ്ങള്‍ തികച്ചു ടീമിനു കൂറ്റന്‍ വിജയം സാധ്യമാക്കി. 61 റണ്‍സ് നേടിയ മക്കല്ലം പുറത്തായെങ്കിലും ലിന് 63 റണ്‍സുമായി പുറത്താകാതെ നിന്നു. തന്റെ ബൗളിംഗ് പ്രകടനത്തിനു മിച്ചല്‍ സ്വെപ്സണ് ആണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.
നേരത്തെ ഗ്ലെന്‍ മാക്സ്വെല്ലിന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത സ്റ്റാര്‍സ് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് നേടിയിരുന്നു. മാക്സ്വെല് 39 പന്തില്‍ 50 റണ്‍സ് നേടിയപ്പോള്‍ കെവിന് പീറ്റേര്സണ് 30 റണ്‍സ് നേടി. യസീര്‍ ഷായും മിച്ചല്‍ സ്വെപ്സണും ആണ് ഹീറ്റിനായി തിളങ്ങിയത്. സ്പെപ്സണ്‍ 4 ഓവറില്‍ 14 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ യസീര്‍ ഷാ 16 റണ്‍സാണ് തന്റെ നാലോവര്‍ ക്വാട്ടയില്‍ വിട്ട് നല്കി ഒരു വിക്കറ്റ് നേടി.
142 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ ഹീറ്റിനായി 27 പന്തില്‍ തന്റെ അര്‍ദ്ധ ശതകം തികച്ച ബ്രണ്ടന്‍ മക്കല്ലമാണ് വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച വെച്ചത്. ക്രിസ് ലിന് പതിവിനു വിപരീതമായി മെല്ലെയാണ് തുടങ്ങിയത്. 63 പന്തില്‍ തങ്ങളുടെ ശതക കൂട്ടുകെട്ടും സഖ്യം കുറിച്ചു. തൊട്ടടുത്ത പന്തില്‍ 61 റണ്‍സ് നേടിയ മക്കല്ലം പുറത്തായതോടെ കൂട്ടുകെട്ട് അവസാനിക്കുകയായിരുന്നു. ലിയാം ബോവിനാണ് വിക്കറ്റ്. 30 പന്തുകള്‍ നേരിട്ട മക്കല്ലം 7 ബൗണ്ടറിയും 3 സിക്സുമാണ് തന്റെ ഇന്നിംഗ്സില്‍ നേടിയത്.
മക്കല്ലം പുറത്തായ ശേഷം കൂടുതല്‍ ആക്രമിച്ചു കളിച്ച ക്രിസ് ലിന് തന്റെ അര്‍ദ്ധ ശതകം 40 പന്തില്‍ പൂര്‍ത്തിയാക്കി. ആറ് ബൗണ്ടറിയും 3 സിക്സുമാണ് 63 റണ്‍സ് നേടിയ ലിന് അടിച്ചു കൂട്ടിയത്. 46 പന്തുകളാണ് ഇതിനായി ലിന് നേരിട്ടത്. മക്കല്ലം പുറത്തായ ശേഷം എത്തിയ ജോ ബേണ്‍സ് 18 റണ്‍സുമായി ക്രീസില്‍ ലിന്നിനു മികച്ച പിന്തുണ നല്കി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial