ഡ്വെയിന്‍ ബ്രാവോയെ സ്വന്തമാക്കി മെല്‍ബേണ്‍ സ്റ്റാര്‍സ്

മെല്‍ബേണ്‍ റെനഗേഡ്സില്‍ നിന്ന് മെല്‍ബേണ്‍ സ്റ്റാര്‍സിലേക്ക് ചേക്കേറി ഡ്വെയിന്‍ ബ്രാവോ. ഇന്നാണ് താരം മുഴുവന്‍ സീസണിലും പുതിയ ക്ലബ്ബിനു വേണ്ടി കളിക്കുവാന്‍ തയ്യാറായിട്ടുണ്ടെന്നുള്ള കാര്യം ടീം മാനേജ്മെന്റ് വ്യക്തമാക്കിയത്. കഴിഞ്ഞ സീസണില്‍ മുന്‍ വിന്‍ഡീസ് താരം മെല്‍ബേണിലെ തന്നെ റെനഗേഡ്സ് ടീമിന്റെ ഭാഗമായിരുന്നു.

ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ കോച്ചായിട്ടുള്ള സ്റ്റീഫന്‍ ഫ്ലെമിംഗിനൊപ്പം വീണ്ടും ഒത്തുചേരാമെന്നതാണ് സ്റ്റാര്‍സില്‍ എത്തുമ്പോള്‍ ബ്രാവോയെ കാത്തിരിക്കുന്ന ഏറ്റവും വലിയ ആഹ്ലാദ നിമിഷം. ഫ്ലെമിംഗിന്റെ ഇടപെടലാണ് താരത്തിനെ സ്റ്റാര്‍സില്‍ എത്തിക്കുന്നതിനു പിന്നിലെന്നാണ് അറിയുവാന്‍ കഴിയുന്നത്.

ബ്രാവോയ്ക്ക് പുറമെ രണ്ടാം വിദേശ താരത്തിന്റെ ക്വാട്ടയില്‍ നേപ്പാളിന്റെ സന്ദീപ് ലാമിച്ചാനെയും ഇംഗ്ലണ്ട് ലെഗ് സ്പിന്നര്‍ മാറ്റ് പാര്‍ക്കിന്‍സണും ആണ് സ്റ്റാര്‍സിലെത്തുന്ന മറ്റു വിദേശ താരങ്ങള്‍. സന്ദീപും പാര്‍ക്കിന്‍സണും ചേര്‍ന്ന് രണ്ടാം താരത്തിന്റെ വിടവ് നികത്തുമ്പോള്‍ ബ്രാവോ സീസണ്‍ മുഴുവന്‍ ടീമിനൊപ്പമുണ്ടാകുമെന്നാണ് അറിയുന്നത്.