ഹോബാര്‍ട്ട് ഹറികെയിന്‍സിനെതിരെ 5 വിക്കറ്റ് ജയം സ്വന്തമാക്കി പെര്‍ത്ത് സ്കോര്‍ച്ചേര്‍സ്. ഇന്ന് നടന്ന രണ്ടാം ബിഗ് ബാഷ് മത്സരത്തിലാണ് ഹോബാര്‍ട്ടിനെ വീഴ്ത്തി പെര്‍ത്ത് പോയിന്റ് ടേബിളില്‍ 14 പോയിന്റോടെ ഒന്നാം സ്ഥാനത്ത് നിലനിര്‍ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഹറികെയിന്‍സ് സൈമണ്‍ മിലെങ്കോ 37 പന്തില്‍ പുറത്താകാതെ നേടിയ 66 റണ്‍സിന്റെ ബലത്തില്‍ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടുകയായിരുന്നു. 37 റണ്‍സ് നേടി ക്യാപ്റ്റന്‍ ജോര്‍ജ്ജ് ബെയിലിയും 31 റണ്‍സുമായി മാത്യൂ വെയിഡുമാണ് ഹോബാര്‍ട്ട് നിരയില്‍ തിളങ്ങിയ മറ്റു ബാറ്റ്സ്മാന്മാര്. 17 പന്തില്‍ നിന്നാണ് 31 റണ്‍സ് വെയിഡ് നേടിയത്. രണ്ട് വീതം വിക്കറ്റ് വീഴ്ത്തി മാത്യൂ കെല്ലിയും ആഷ്ടണ്‍ അഗറും പെര്‍ത്ത് നിരയില്‍ തിളങ്ങി.
168 റണ്‍സ് ലക്ഷ്യം പിന്തുടരാനിറങ്ങിയ പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനു ആദ്യ ഓവറില്‍ തന്നെ സാം വൈറ്റ്മാനെ നഷ്ടമായി. 17 റണ്‍സ് നേടിയ മൈക്കല്‍ ക്ലിംഗറെയും നഷ്ടപ്പെട്ട പെര്‍ത്തിന്റെ സാധ്യത നിലനിര്‍ത്തിയത് കാമറൂണ്‍ ബാന്‍ക്രോഫ്ട്(54)-ഹില്‍ട്ടണ്‍ കാര്ട്റൈറ്റ്(17) സഖ്യമായിരുന്നു. എന്നാല്‍ മത്സരം പാടെ തിരിച്ചത് 27 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയ ആഷ്ടണ്‍ ടര്‍ണര്‍ ആയിരുന്നു.
തന്റെ നാലോവറില്‍ വെറും 14 റണ്‍സ് നല്കി 2 വിക്കറ്റ് വീഴ്ത്തിയ ആഷ്ടണ്‍ അഗര്‍ ആണ് കളിയിലെ താരമായി തിരഞ്ഞെടുത്തത്. ബാറ്റിംഗിനിറങ്ങി 13 റണ്‍സ് നേടി പുറത്താകാതെ നിന്ന അഗര്‍ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. നാല് പന്ത് ശേഷിക്കെയാണ് പെര്‍ത്ത് വിജയം നേടിയത്. അപരാജിതമായ ആറാം വിക്കറ്റില്‍ ആഷ്ടണ്‍ ദ്വയം(ടര്‍ണര്‍-അഗര്‍) 41 റണ്‍സാണ് നേടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial