മനോജ് തിവാരിയ്ക്ക് പകരം അഭിമന്യൂ ഈശ്വരന്‍ ബംഗാള്‍ ക്യാപ്റ്റന്‍

- Advertisement -

പുതിയ ആഭ്യന്തര സീസണില്‍ ബംഗാളിന്റെ ക്യാപ്റ്റനായി അഭിമന്യൂ ഈശ്വരനെ നിയമിച്ചു. സീസണില്‍ മൂന്ന് ഫോര്‍മാറ്റിലും താരം തന്നെയാവും ടീമിനെ നയിക്കുക. പ്രീ സീസണ്‍ ടൂര്‍ണ്ണമെന്റിനുള്ള 21 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ചപ്പോളാണ് ഈ തീരുമാനം സെലക്ടര്‍മാര്‍ കൈക്കൊണ്ടത്. സുദീപ് ചാറ്റര്‍ജ്ജിയാണ് ടീമിന്റെ ഉപ നായകന്‍. പ്രീ സീസണ്‍ ടൂര്‍ണ്ണമെന്റില്‍ റെയില്‍വേസ്, രാജസ്ഥാന്‍ എന്നീ ടീമുകള്‍ പങ്കെടുക്കുന്നുണ്ട്.

മുന്‍ നായകന്‍ മനോജ് തിവാരിയും ടീമില്‍ അംഗമാണ്. നേരത്തെ സെലക്ടര്‍മാര്‍ പരിമിത ഓവര്‍ ഫോര്‍മാറ്റില്‍ മനോജ് തിവാരിയെ ക്യാപ്റ്റനായി നിയമിച്ചേക്കുമെന്ന തരത്തില്‍ വാര്‍ത്തകര്‍ പുറത്ത് വന്നിരുന്നുവെങ്കിലും അതുണ്ടായില്ല. വിജയ് ഹസാരെ, സയ്യദ് മുഷ്താഖ് അലി ഫോര്‍മാറ്റുകളിലാണ് ആദ്യം മനോജ് തിവാരിയെ ക്യാപ്റ്റനായി തുടരാന്‍ അനുവദിച്ചേക്കുമെന്ന് കരുതപ്പെട്ടത്.

ഇന്ത്യ എ ടീമിലെ സ്ഥിരം അംഗമായ അഭിമന്യൂ ഈശ്വരന്റെ സേവനം എത്രത്തോളം ബംഗാളിനു ഉപയോഗപ്പെടുത്താനാകും എന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്. മികച്ച ഫോമിലുള്ള താരം കഴിഞ്ഞ വര്‍ഷത്തെ ബംഗാളിന്റെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Advertisement