അയര്‍ലണ്ടിന്റെ അട്ടിമറി മോഹങ്ങള്‍ പൊലിഞ്ഞു, 66/5 എന്ന നിലയില്‍ നിന്ന് ജയിച്ച് കയറി ഇംഗ്ലണ്ട്

45 ഓവര്‍ ആയി ചുരുക്കിയ മത്സരത്തില്‍ ഇംഗ്ലണ്ടിനെ അട്ടിമറിയ്ക്കുവാനുള്ള അയര്‍ലണ്ടിലെ പ്രതീക്ഷകള്‍ക്ക് മേല്‍ ബാറ്റിംഗ് മികവിലൂടെ മറുപടി നല്‍കി ബെന്‍ ഫോക്സും ടോം കറനും. 98 റണ്‍സ് ഏഴാം വിക്കറ്റ് കൂട്ടുകെട്ടിലൂടെയാണ് ബെന്‍ ഫോക്സും ടോം കറനും ടീമിന്റെ വിജയ ശില്പികളായി മാറിയത്. 198 റണ്‍സിനു അയര്‍ലണ്ടിനെ പുറത്താക്കിയ ശേഷം ചേസിംഗിനിറങ്ങിയ ഇംഗ്ലണ്ട് തകര്‍ന്നടിയുകയായിരുന്നു. 66/5 എന്ന നിലയിലേക്ക് 14.1 ഓവറില്‍ വീണ ശേഷം ഫോക്സും ഡേവിഡ് വില്ലിയും(20) ചേര്‍ന്ന് 35ാം റണ്‍സിലേക്ക് നീങ്ങിയെങ്കിലും വില്ലി പുറത്തായി.

സ്കോര്‍ 137ല്‍ നില്‍ക്കെ ഫോക്സിനെതിരെ ഒരു എല്‍ബിഡബ്ല്യു തീരുമാനം റിവ്യൂ ചെയ്യാതിരുന്നതാണ് മത്സരത്തില്‍ നിര്‍ണ്ണായക സംഭവമായി മാറിയത്. തുടര്‍ന്ന് ഫോക്സും ടോം കറനും ചേര്‍ന്ന് ടീമിനെ 42 ഓവറില്‍ വിജയത്തിലേക്ക് നയിച്ചു. ഫോക്സ് 61 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ടോം കറന്‍ 47 റണ്‍സാണ് നേടിയത്. അയര്‍ലണ്ടിനു വേണ്ടി ജോഷ്വ ലിറ്റില്‍ നാല് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 43.1 ഓവറില്‍ 198 റണ്‍സിനു ഓള്‍ഔട്ട് ആയി. പോള്‍ സ്റ്റിര്‍ലിംഗ് 33 റണ്‍സുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ മാര്‍ക്ക് റിച്ചാര്‍ഡ് അഡൈര്‍ 32 റണ്‍സുമായി രണ്ടാമത്തെ മികച്ച സ്കോറര്‍ ആയി. ജോര്‍ജ്ജ് ഡോക്രെല്‍(24), ആന്‍ഡ്രൂ ബാല്‍ബിര്‍ണേ(29) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

ഇംഗ്ലണ്ടിനായി ലിയാം പ്ലങ്കറ്റ് നാലും ടോം കറന്‍ മൂന്ന് വിക്കറ്റും നേടി. ഇംഗ്ലണ്ടിനായി ഏകദിന അരങ്ങേറ്റം നടത്തിയ ജോഫ്ര ആര്‍ച്ചര്‍ തന്റെ കന്നി വിക്കറ്റ് മത്സരത്തില്‍ നേടി.

Comments are closed.