പാക്കിസ്ഥാന്‍ ബൗളറായത് കൊണ്ടാണ് തന്നെ ഐസിസി വിലക്കിയത് – സയ്യദ് അജ്മല്‍

Sports Correspondent

താനൊരു പാക്കിസ്ഥാന്‍ ബൗളര്‍ ആയതിനാലാണ് തന്നെ ഐസിസി വിലക്കിയതെന്ന് പറഞ്ഞ് സയ്യദ് അജ്മല്‍. 2009ല്‍ യുഎഇയില്‍ നടന്ന ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കിടെ ആദ്യമായി സയ്യദ് അജ്മലിന്റെ ബൗളിംഗ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയായിരുന്നു.

2009ല്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത ശേഷം 2014ല്‍ ക്ലിയറന്‍സ് ലഭിച്ചപ്പോള്‍ ബൗളിംഗ് ആക്ഷന്‍ മാറ്റേണ്ടി വന്ന അജ്മലിന് പിന്നീട് തന്റെ ദൂസര എറിയുവാന്‍ സാധിച്ചിട്ടില്ല. ശ്രീലങ്കയ്ക്കെതിരെ 2014ലെ ഒരു ടെസ്റ്റ് മത്സരത്തിലാണ് തന്നെ രണ്ടാമത് വിലക്കുന്നത്. മുത്തയ്യ മുരളീധരന്റെ റിട്ടയര്‍മെന്റിന് ശേഷം ഐസിസിയ്ക്ക് പാക്കിസ്ഥാന്‍ ബോര്‍ഡ് ഈ തീരുമാനത്തിനെതിരെ ഒന്നും ചെയ്യാനാകാതെ നില്‍ക്കുമെന്നത് ഉറപ്പായിരുന്നുവെന്നും അജ്മല്‍ കൂട്ടിചേര്‍ത്തു. തന്റെ ആദ്യ വിലക്കിന്റെ സമയത്ത് പരിഗണിച്ച മെഡിക്കല്‍ സാഹചര്യങ്ങളൊന്നും പിന്നീട് ഐസിസി പരിഗണിച്ചില്ല.

മുത്തയ്യ മുരളീധരന്‍ ഉണ്ടായപ്പോള്‍ ലഭിച്ച ആനുകൂല്യം 2009ല്‍ തനിക്കും ലഭിച്ചു. പക്ഷേ മുരളീധരന്‍ വിടവാങ്ങിയ ശേഷം സയ്യദ് അജ്മല്‍ ഒരു പാക്കിസ്ഥാന്‍ താരമായതിനാല്‍ തന്നെ ഐസിസി അവഗണിച്ചുവെന്നും ആരോഗ്യ കാരണങ്ങളൊന്നും പരിഗണിച്ച് കണ്ടില്ലെന്നും അജ്മല്‍ വ്യക്തമാക്കി.

പാക്കിസഅഥാന് വേണ്ടി 113 ഏകദിനങ്ങളില്‍ നിന്ന് 184 വിക്കറ്റും 64 ടി20യില്‍ നിന്ന് 85 വിക്കറ്റും നേടിയ അജ്മല്‍ ടെസ്റ്റില്‍ 35 മത്സരങ്ങളില്‍ നിന്ന് 178 വിക്കറ്റാണ് നേടിയത്. രണ്ടാമതും അജ്മലിന്റെ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഐസിസി 2015ല്‍ അജ്മലിനെ വിലക്കുകയായിരുന്നു.