ഉത്തരാഖണ്ഡ് അസോസ്സിയേഷന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മഹിം വര്‍മ്മയാണ് ബിസിസിഐ വൈസ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചത്

ബിസിസിഐ വൈസ് പ്രസിഡന്റ് ആയ മഹിം വര്‍മ്മ തന്റെ പദവിയില്‍ നിന്ന് രാജിവെച്ചു. ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസ്സിയേഷന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് താരം രാജി കത്ത് സിഇഒ രാഹുല്‍ ജോഹ്രിയ്ക്ക് കൈമാറിയത്. ബിസിസിഐ ഭരണഘടന പ്രകാരം രണ്ട് പദവിയില്‍ ഒരാള്‍ക്ക് ഇരിക്കാനാകില്ല.

തന്റെ സംസ്ഥാനത്തെ ക്രിക്കറ്റ് മികച്ച രീതിയില്‍ നടത്തുവാനായി താന്‍ അവിടേക്ക് മടങ്ങേണ്ടതിനാലാണ് ഈ രാജി തീരുമാനമെന്ന് മഹിം വ്യക്തമാക്കി. താന്‍ രാജിക്കത്ത് കൈമാറിയിട്ടുണ്ടെന്നും അത് സിഇഒ അംഗീകരിക്കുമെന്നുമാണ് കരുതുന്നതെന്ന് മഹിം വര്‍മ്മ അഭിപ്രായപ്പെട്ടു.

താന്‍ ഇലക്ഷന് നില്‍ക്കുവാനുള്ള കാരണം ഞാന്‍ നേരത്തെ തന്നെ ബിസിസിഐ സെക്രട്ടറി ജയ് ഷായെ അറിയിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തെ അസോസ്സിയേഷന്റെ നല്ല നടത്തിപ്പിനായി താന്‍ ഇലക്ഷന്‍ ജയിക്കേണ്ടത് അത്യാവശ്യം ആയിരുന്നുവെന്നു മഹിം വ്യക്തമാക്കി.

മഹിമിന്റെ രാജിയോടെ പകരക്കാരനെ കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യമാണ് ബിസിസിഐയ്ക്ക് മുന്നില്‍. 45 ദിവസത്തിനുള്ളില്‍ പ്രത്യേക ജനറല്‍ മീറ്റിംഗ് നടത്തിയാണ് പുതിയ വൈസ് പ്രസിഡന്റിനെ നിയമിക്കേണ്ടത്. എന്നാല്‍ അത് ഈ കൊറോണ വ്യാപന സാഹചര്യത്തില്‍ സാധ്യമാകുമോ എന്നത് തീര്‍ച്ചയല്ലെന്നും ഒരു ബിസിസിഐ വക്താവ് അറിയിച്ചു.

Previous articleജോബി ജസ്റ്റിൻ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയേക്കും
Next articleകൊറോണ ഭേദമായി, മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഫെല്ലിനി ആശുപത്രി വിട്ടു