ഗാർഹിക പീഡന കേസിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിക്കെതിരെ കോടതി അറസ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ താരത്തിനെതിരെ പെട്ടെന്ന് നടപടിയുണ്ടാവില്ലെന്ന് ബി.സി.സി.ഐ. ഷമിയുടെ ഭാര്യ ഹസിൻ ജഹാൻ നൽകിയ കേസിലാണ് ഇപ്പോൾ കോടതി വിധി പുറത്തുവന്നത്. കൊൽക്കത്ത കോടതി വിധി പ്രകാരം 15 ദിവസത്തിനകം ഷമി കീഴടങ്ങണം.
എന്നാൽ ഷമിക്കെതിരെയുള്ള കുറ്റപത്രം കണ്ടതിന് ശേഷം മാത്രമേ നടപടി ഉണ്ടാവു എന്ന് ബി.സി.സി.ഐയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഈ അവസരത്തിൽ ഷമിക്കെതിരെ പെട്ടെന്ന് നടപടി എടുക്കുന്നത് ശെരിയല്ലെന്നും ബി.സി.സി.ഐ വക്താവ് അറിയിച്ചു. വെസ്റ്റിൻഡീസിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിൽ അംഗമാണ് മുഹമ്മദ് ഷമി ഇപ്പോൾ.
നേരത്തെ 2018ൽ ഷമിക്കെതിരെ ഭാര്യാ ഹസിൻ ജഹാൻ പരാതി നൽകിയപ്പോൾ ഷമിയുടെ കരാർ തടഞ്ഞു വെച്ചിരുന്നു. ഷമി മാച്ച് ഫിക്സിങ് നടത്തി എന്ന് ഭാര്യ ആരോപിച്ചതിന് ശേഷമാണ് ബി.സി.സി.ഐ കരാർ തടഞ്ഞുവെച്ചത്. എന്നാൽ തുടർന്ന് ബി.സി.സി.ഐ നടത്തിയ അന്വേഷണത്തിൽ ഷമി മാച്ച് ഫിക്സിങ്ങിൽ ഉൾപെട്ടിട്ടില്ലെന്ന് തെളിയുകയും ഷമിക്ക് കരാർ നൽകുകയും ചെയ്യുകയായിരുന്നു.













