ക്രിക്കറ്റിലെ രണ്ടാമത്തെ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടായി ജെര്‍മൈന്‍ ബ്ലാക്ക്വുഡ്

ടെസ്റ്റ് ക്രിക്കറ്റില്‍ മാര്‍നസ് ലാബൂഷാനെയ്ക്ക് ശേഷം രണ്ടാമത്തെ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടായി എത്തി ജെര്‍മൈന്‍ ബ്ലാക്ക്വുഡ്. മൂന്നാം ദിവസത്തെ അവസാന ഓവറില്‍ ജസ്പ്രിത് ബംറയുടെ ബൗണ്‍സര്‍ ഡാരെന്‍ ബ്രാവോയുടെ തലയില്‍ കൊണ്ടിരുന്നു. അതിന് ശേഷം തുടര്‍ന്ന് ബാറ്റ് ചെയ്ത ബ്രാവോ നാലാം ദിവസം കളി പുനരാരംഭിച്ചപ്പോളും ക്രീസിലേക്ക് വന്നുവെങ്കിലും അധികം സമയം ക്രീസില്‍ നില്‍ക്കാനാകാതെ മടങ്ങുകയായിരുന്നു. കണ്‍കഷന്റെ ചില ലക്ഷണങ്ങള്‍ അലട്ടുവാന്‍ തുടങ്ങിയതോടെയാണ് താരം മടങ്ങിയത്.

തലേ ദിവസത്തെ സ്കോറായ 18 റണ്‍സിനോട് 5 റണ്‍സ് കൂടി ചേര്‍ത്ത ശേഷമാണ് താരം മടങ്ങിയത്. വിന്‍ഡീസിനായി 2017 ഒക്ടോബറില്‍ സിംബാബ്‍വേയ്ക്കെതിരെ അവസാനമായി ടെസ്റ്റ് കളിച്ചിട്ടുള്ള താരം 27 ടെസ്റ്റുകളില്‍ കളിച്ചിട്ടുണ്ട്.