വീണ്ടും അട്ടിമറി! നിലവിലെ ജേതാവ് നയോമി ഒസാക്കയും യു.എസ് ഓപ്പൺ ക്വാട്ടർ ഫൈനൽ കാണാതെ പുറത്ത്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

യു.എസ് ഓപ്പണിൽ അട്ടിമറികൾ തുടർക്കഥയാകുന്നു. ഇന്നലെ പുരുഷവിഭാഗത്തിൽ നിലവിലെ ജേതാവ് നൊവാക് ദ്യോക്കോവിച്ച് പുറത്ത് പോയപ്പോൾ വനിത വിഭാഗത്തിൽ രണ്ടും മൂന്നും സീഡ് ആയ ബാർട്ടിയും പ്ലിസ്‌കോവയും പുറത്തായി. ഏതാണ്ട് ഇതിന്റെ തുടർച്ച എന്നോണം ഇന്ന് നിലവിലെ ജേതാവും ഒന്നാം സീഡുമായ നയോമി ഒസാക്കയും യു.എസ് ഓപ്പൺ ആദ്യ എട്ട് കാണാതെ പുറത്ത്. 22 കാരിയായ 13 സീഡ് ബെലിന്ത ബെനചിച്ച് ആണ് ഒസാക്കയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നത്. ഇൻഡോറിൽ നടന്ന മത്സരത്തിൽ 2019 ൽ കളിച്ച മൂന്നാമത്തെ മത്സരത്തിലും ഒസാക്കക്ക് എതിരെ ജയം കണ്ട ബെനചിച്ച് ക്വാട്ടർ ഫൈനലിലേക്ക് മുന്നേറി. മുമ്പ് 17 മത്തെ വയസ്സിൽ 2014 ൽ യു.എസ് ഓപ്പൺ ക്വാട്ടർ ഫൈനൽ കളിച്ച താരം ഇത് രണ്ടാം തവണയാണ് യു.എസ് ഓപ്പൺ ക്വാട്ടർ ഫൈനലിൽ കടക്കുന്നത്.

രണ്ട് പേരും നന്നായി പൊരുതിയ ആദ്യ സെറ്റിൽ ഒസാക്കയുടെ അവസാനസർവീസ് ബ്രൈക്ക് ചെയ്ത ബെനചിച്ച് സെറ്റ് 7-5 നു സ്വന്തമാക്കി. എന്നാൽ പിന്നിൽ നിന്ന് തിരിച്ചു വരവ് അത്ര പുതുമയല്ലാത്ത ഒസാക്ക തിരിച്ചു വരും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ രണ്ടാം സെറ്റിൽ മത്സരത്തിൽ ഒന്നു കൂടി പിടിമുറുക്കിയ ബെനചിച്ച് രണ്ടാം സെറ്റ് 6-4 നു സ്വന്തമാക്കി യു.എസ് ഓപ്പണിന്റെ അവസാന എട്ടിലേക്ക് മുന്നേറി. കഴിഞ്ഞ ഫ്രഞ്ച്‌ ഓപ്പണിൽ ബെനചിച്ചിനെ തോൽപ്പിച്ച ക്രൊയേഷ്യൻ താരം 23 സീഡ് ഡോന വെകിച്ച് ആണ് ആണ് ക്വാട്ടർ ഫൈനലിൽ ബെനചിച്ചിന്റെ എതിരാളി. ജർമ്മൻ താരം ജൂലിയ ഗോർജെസിനെ മാരത്തോൺ പോരാട്ടത്തിൽ മറികടന്നാണ് ഡോന തന്റെ ആദ്യ ഗ്രാന്റ്‌ സ്‌ലാം ക്വാട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയത്‌.

അക്ഷരാർത്ഥത്തിൽ ഇത് വരെ ഈ യു.എസ് ഓപ്പൺ കണ്ടതിൽ ഏറ്റവും മികച്ച മത്സരം ആയിരുന്നു 23 സീഡ് ഡോന, 26 സീഡ് ജൂലിയ പോരാട്ടം. ഏതാണ്ട് രണ്ട് മണിക്കൂർ 45 മിനിറ്റു നീണ്ടു നിന്ന മത്സരത്തിൽ ജയത്തിനായി ഇരു താരങ്ങളും കഴിവിന്റെ പരമാവധി പൊരുതി. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ ജർമ്മൻ താരം ജൂലിയ മത്സരത്തിൽ ആധിപത്യം നേടി. രണ്ടാം സെറ്റിൽ ഈ ആധിപത്യം തുടർന്ന താരം മാച്ച് പോയിന്റും നേടി. എന്നാൽ നിർണായക സമയത്ത് താരത്തിന് പിഴച്ചപ്പോൾ ഡബിൾ ബ്രൈക്ക് അടക്കം ജൂലിയക്ക് വന്ന പിഴവുകൾ മുതലെടുത്തു ഡോന. രണ്ടാം സെറ്റിൽ മാച്ച് പോയിന്റ് അതിജീവിച്ച ക്രൊയേഷ്യൻ താരം സെറ്റ് 7-5 നു സ്വന്തമാക്കി. ഈ വീഴ്ചയിൽ നിന്നു കരകയറാൻ മൂന്നാം സെറ്റിലും ജർമ്മൻ താരത്തിന് സാധിക്കാതെ വന്നപ്പോൾ 6-3 നു മൂന്നാം സെറ്റും മത്സരവും സ്വന്തമാക്കിയ ക്രൊയേഷ്യൻ താരം തന്റെ ആദ്യ ഗ്രാന്റ്‌ സ്‌ലാം ക്വാട്ടർ ഫൈനലിലേക്ക് മാർച്ച് ചെയ്തു.