മുന്‍ സ്പിന്നറെ സെലക്ഷന്‍ പാനലില്‍ ഉള്‍പ്പെടുത്തുവാന്‍ ഒരുങ്ങി ബംഗ്ലാദേശ്

- Advertisement -

ദേശീയ സെലക്ഷന്‍ പാനലിലേക്കുള്ള മൂന്നാമത്തെ അംഗമായി ഇടം കൈയ്യന്‍ സ്പിന്നര്‍ അബ്ദുര്‍ റസാഖിനെ ഉള്‍പ്പെടുത്തുവാന്‍ ഒരുങ്ങി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. അതിന്റെ ചര്‍ച്ചകള്‍ റസാഖുമായി നടത്തി വരികയാണെന്നാണ് ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചത്. മിന്‍ഹാജുല്‍ അബേദിന്‍, ഹബീബുള്‍ ബഷര്‍ എന്നിവരാണ് നിലവിലെ ദേശീയ പാനല്‍ അംഗങ്ങള്‍. ഫറൂഖ് അഹമ്മദിന് പകരം ആണ് റസാഖിനെ പരിഗണിക്കുന്നത്.

ബഷറിനോട് റസാഖിന്റെ അഭിപ്രായം അറിയുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബോര്‍ഡിന്റെ ക്രിക്കറ്റിംഗ് ഓപ്പറേഷന്‍സ് ചെയര്‍മാന്‍ അക്രം ഖാന്‍ പറഞ്ഞു. ഇപ്പോള്‍ ഡിപിഎലില്‍ കളിക്കുന്ന താരം തന്റെ കരിയറുമായി മുന്നോട്ട് പോകുവാനാണോ താല്പര്യമെന്നത് വ്യക്തമാക്കിയിട്ടില്ലെന്നും അക്രം ഖാന്‍ പറഞ്ഞു.

നിലവില്‍ ലീഗ് നീട്ടി വെച്ചിരിക്കുന്നതിനാല്‍ റസാഖ് അനുകൂല തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തനിക്ക് ഇത് സംബന്ധിച്ച തീരുമാനം എടുക്കുവാന്‍ സമയം വേണമെന്നാണ് റസാഖിന്റെ ആവശ്യം. നേരത്തെ ധാക്ക പ്രീമിയര്‍ ലീഗ് കഴിഞ്ഞ് മറുപടി നല്‍കാമെന്നാണ് താന്‍ പറഞ്ഞതെന്നും ഇപ്പോള്‍ ലീഗ് നിര്‍ത്തിവെച്ചത് മൂലം തനിക്ക് ഇതിനെക്കുറിച്ച് ചിന്തിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement