ഡൊമിംഗോയുടെ കരാര്‍ 2022 ടി20 ലോകകപ്പ് വരെ നീട്ടിയേക്കുമെന്ന് സൂചന

ബംഗ്ലാദേശ് മുഖ്യ കോച്ച് റസ്സൽ ഡൊമിംഗോയുടെ കരാര്‍ 2022 ടി20 ലോകകപ്പ് വരെ നീട്ടുമെന്ന് സൂചന. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നസ്മുള്‍ ഹസന്‍ ആണ് ഈ വിവരം പുറത്ത് വിട്ടത്. 2022 ടി20 ലോകകപ്പ് ഓസ്ട്രേലിയയിലാണ് നടക്കുന്നത്.

ഓഗസ്റ്റ് 2019ൽ ആണ് ബംഗ്ലാദേശിന്റെ കോച്ചായി ഡൊമിംഗോ രണ്ട് വര്‍ഷത്തെ കരാറില്‍ എത്തിയത്. പിന്നീട് അത് 2021 ടി20 ലോകകപ്പ് വരെ നീട്ടുകയായിരുന്നു. അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും ബോര്‍ഡ് കരാര്‍ നീട്ടുവാന്‍ സന്നദ്ധരാണെന്നാണ് അറിയുന്നത്.

എന്നാൽ ഇത് സംബന്ധിച്ച് ഡൊമിംഗോയുമായി സംസാരിച്ചിട്ടില്ലെന്നും അതിന് ശേഷം തീരുമാനം ഉണ്ടാകുമെന്നും നസ്മുള്‍ ഹസന്‍ വ്യക്തമാക്കി.