ബിഗ് ബാഷ് പരിചയം ഓസ്ട്രേലിയന്‍ താരങ്ങളെ കുരുക്കുവാന്‍ തന്നെ സഹായിക്കും

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ അവരെ വെള്ളംകുടിപ്പിക്കുവാന്‍ തനിക്ക് സഹായകരമാകുവാന്‍ പോകുന്നത് ബിഗ് ബാഷില്‍ ഇവര്‍ക്കെതിരെ പന്തെറിഞ്ഞ അനുഭവമാണെന്ന് പറഞ്ഞ് യസീര്‍ ഷാ. ടീമിലെ ചില പുതുമുഖ താരങ്ങള്‍ക്കെതിരെ തന്റെ ബിഗ് ബാഷ് പരിചയം മതിയാകുമെന്നാണ് യസീര്‍ പറഞ്ഞത്. ബ്രിസ്ബെയിന്‍ ഹീറ്റിനു വേണ്ടി കഴിഞ്ഞ ബിഗ് ബാഷില്‍ താരം പങ്കെടുത്തിരുന്നു.

ഏഴ് മത്സരങ്ങളില്‍ നിന്ന് അന്ന് അഞ്ച് വിക്കറ്റ് മാത്രമാണ് താരം നേടിയതെങ്കിലും മാറ്റ് റെന്‍ഷാ, മാര്‍നസ് ലാബൂഷാഗ്നേ, ബ്രണ്ടന്‍ ഡോഗെറ്റ് എന്നിവര്‍ക്കൊപ്പം ഡ്രസ്സിംഗ് റൂം ചെലവഴിച്ച അനുഭവം തനിക്ക് ഗുണം ചെയ്യുമെന്ന് യസീര്‍ ഷാ അഭിപ്രായപ്പെട്ടു. ഞായറാഴ്ച ദുബായിയിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് അരങ്ങേറുന്നത്.

വാര്‍ണറും സ്മിത്തുമില്ലെങ്കിലും പരിചയ സമ്പത്തില്ലാത്ത ടീമെന്ന് ഓസ്ട്രേലിയയെ വിലയിരുത്തുവാന്‍ താന്‍ ഒരുക്കമല്ലെന്നും യസീര്‍ ഷാ അഭിപ്രായപ്പെട്ടു. ഓസ്ട്രേലിയയില്‍ സമയം ചെലവഴിച്ചപ്പോള്‍ തനിക്ക് ഓസ്ട്രേലിയന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ഏറെ ശക്തമാണെന്ന് മനസ്സിലായതാണെന്നും ഷാ അഭിപ്രായപ്പെട്ടു. അതിനാല്‍ തന്നെ അവരുടെ ബാറ്റ്സ്മാന്മാരെ വിലക്കുറച്ച് കാണുന്നില്ലെന്നും ഷാ കൂട്ടിചേര്‍ത്തു.

Previous articleഉത്തേജക വിവാദം, അഹമ്മദ് ഷെഹ്സാദിനു 4 മാസം വിലക്ക്
Next articleനിക് കോംപ്ടണ്‍ വിരമിച്ചു