ലൂയിസ് മാക്സിമിയാനോ ലാസിയോയിൽ

20220711 114238

ലാ ലീഗ രണ്ടാം ഡിവിഷനിലേക്ക് തരം താഴ്ന്നതിന് പിറകെ ഗ്രാനഡക്ക് താങ്ങളുടെ പ്രമുഖ താരത്തെ നഷ്ടമാവുന്നു. ടീം കീപ്പർ ആയിരുന്ന ലൂയിസ് മാക്സിമിയാനോയെയാണ് ലാസിയോ റാഞ്ചിയത്. പത്ത് മില്യണോളം യൂറോക്കാണ് മാക്സിമിയാനോയെ ഗ്രാനഡ കൈമാറുന്നത്. അഞ്ചു വർഷത്തെ കരാറിൽ ആണ് താരത്തെ ലാസിയോ തങ്ങളുടെ കൂടാരത്തിൽ എത്തിക്കുന്നത്.

2021ലാണ് മാക്സിമിയാനോ സ്‌പോർട്ടിങ്ങിൽ നിന്നും ഗ്രാനഡയിൽ എത്തുന്നത്. ആദ്യ സീസൺ കൊണ്ട് തന്നെ വമ്പൻ ടീമുകളുടെ നോട്ടപ്പുളളി ആയിരുന്നു. വിയ്യാറയൽ അടക്കമുള്ള ലാലീഗ ടീമുകളും താരത്തിന് പിറകെ ഉണ്ടായിരുന്നു. ഗ്രാനഡയെ ലീഗിൽ തരംതാഴുന്നതിൽ നിന്നും രക്ഷിക്കാൻ ആയില്ലെങ്കിലും സീസണിൽ എട്ട് ക്ലീൻ ഷീറ്റുമായി മികച്ച പ്രകടനം തന്നെയാണ് മാക്സിമിയാനോ കാഴ്ച്ച വെച്ചത്. നാലര മില്യൺ യൂറോക്ക് പോർച്ചുഗലിൽ നിന്നും എത്തിയ താരത്തെ വലിയ ലാഭത്തോടെയാണ് ഒരു സീസണിന് ശേഷം ഗ്രാനഡക്ക് കൈമാറാനും സാധിക്കുന്നത്.

ടീമിലെ രണ്ടു മുഖ്യ കീപ്പർമാരെയും നഷ്ടമായ ലാസിയോക്ക് പകരക്കാരെ എത്തിക്കേണ്ടത് അത്യാവശ്യമായിരുന്നു.ആദ്യ കീപ്പർ ആയിരുന്ന തോമസ് സ്ട്രാകോഷ,മറ്റൊരു കീപ്പർ ആയ പെപെ റെയ്‌ന എന്നിവരെ കരാർ അവസാനിച്ചതിനാൽ ടീം വിട്ടിരുന്നു.അതോടെയാണ് ഉയർന്ന തുക നൽകി മാക്സിമിയാനോയെ എത്തിക്കാൻ ലാസിയോ തുനിഞ്ഞിറങ്ങിയത്.എന്നാൽ മാക്‌സിമിയാനോക്ക് മുന്നേ എസ്കാന്റലിനെയും ടീമിൽ നിന്നും നഷ്ടമായ ഗ്രാനഡയും പുതിയ കീപ്പർമാർക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ്.