സീനിയര്‍ താരങ്ങള്‍ക്ക് എതിരഭിപ്രായം, ബംഗ്ലാദേശിന്റെ ശ്രീലങ്കന്‍ ടൂര്‍ നടന്നേക്കില്ല

- Advertisement -

ബംഗ്ലാദേശിന്റെ ശ്രീലങ്കന്‍ ടൂര്‍ സംശയത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. സീനിയര്‍ താരങ്ങള്‍ കൊറോണ സാഹചര്യം കാരണം യാത്ര ചെയ്യുവാന്‍ വിസ്സമ്മതം അറിയിച്ചുവെന്നാണ് ലഭിയ്ക്കുന്ന വിവരം. ടെലി കോണ്‍ഫറന്‍സിലൂടെ ബംഗ്ലാദേശ് ബോര്‍ഡ് അധികൃതര്‍ വിഷയം ചര്‍ച്ച ചെയ്തുവെന്നും ഉടനെ ഒരു തീരുമാനം ഉണ്ടാകുമെന്നുമാണ് അറിയുന്നത്.

പരമ്പരയുമായി മുന്നോട്ട് പോകുകയാണെങ്കില്‍ തിരികെ നാട്ടിലേക്ക് മടങ്ങുവാനുള്ള സാഹചര്യം ഉണ്ടാകുമോ എന്നാണ് ഉറ്റുനോക്കുന്നതെന്നും ഒരു സീനിയര്‍ ക്രിക്കറ്റര്‍ വ്യക്തമാക്കി. ഇപ്പോള്‍ ശ്രീലങ്കയിലേക്ക് പോകുവാനുള്ള സാഹചര്യമുണ്ടോയെന്നും ഉണ്ടെങ്കില്‍ മടങ്ങി വരവിന് തടസ്സമാകുന്ന കാര്യങ്ങളുണ്ടോ എന്നും തങ്ങളെ അലട്ടുന്നുവെന്ന് ബംഗ്ലാദേശ് താരങ്ങള്‍ ആശങ്ക പങ്കുവയ്ക്കുന്നുവെന്നാണ് അറിയുന്നത്.

ഇപ്പോള്‍ ബംഗ്ലാദേശ് ബോര്‍ഡ് ക്രിക്കറ്റ് ഓപ്പറേഷന്‍ ചെയര്‍മാന്‍ അക്രം ഖാനും പരമ്പര നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കുവാന്‍ സാധ്യതയില്ലെന്ന് അറിയിക്കുകയായിരുന്നു. ചില താരങ്ങളോട് ബോര്‍ഡ് സംസാരിച്ചപ്പോള്‍ വിസ്സമ്മതം അറിയിക്കുകയായിരുന്നുവെന്നും അക്രം ഖാന്‍ വ്യക്തമാക്കി.

ജൂലൈ മൂന്നാം ആഴ്ചയായിരുന്നു ബംഗ്ലാദേശ് ശ്രീലങ്കയില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള പരമ്പരയില്‍ കളിക്കുവാനിരുന്നത്. സെപ്റ്റംബറില്‍ പര്യടനത്തിനായി ബംഗ്ലാദേശിനെ സമ്മതിപ്പിക്കുവാനുള്ള ശ്രമത്തിലാണ് ശ്രീലങ്ക എന്നാണ് അറിയുന്നത്.

Advertisement