അപരാജിതരായി ബംഗ്ലാദേശ്, അവസാന മത്സരത്തില്‍ 6 വിക്കറ്റ് വിജയം

ത്രിരാഷ്ട്ര പരമ്പരയിലെ അവസാന മത്സരത്തില്‍ അയര്‍ലണ്ടിനെതിരെ ആറ് വിക്കറ്റ് ജയം നേടി ബംഗ്ലാദേശ്. ഇന്നലെ നടന്ന മത്സരത്തിലെ വിജയത്തോടെ പരമ്പരയില്‍ അപരാജിതമായ കുതിപ്പാണ് ബംഗ്ലാദേശ് നേടിയിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 8 വിക്കറ്റ് നഷ്ടത്തില്‍ 292 റണ്‍സ് നേടിയപ്പോള്‍ ബംഗ്ലാദേശ് ലക്ഷ്യം 43 ഓവറില്‍ നാല് വിക്കറ്റുകളുടെ നഷ്ടത്തില്‍ മറികടന്നു.

പോള്‍ സ്റ്റിര്‍ലിംഗ് നേടിയ 130 റണ്‍സിന്റെയും വില്യം പോര്‍ട്ടര്‍ഫീല്‍ഡിന്റെ 94 റണ്‍സിന്റെയും ബലത്തിലാണ് അയര്‍ലണ്ട് 292 റണ്‍സിലേക്ക് നീങ്ങിയത്. അതേ സമയം ബംഗ്ലാദേശിനു വേണ്ടി അബു ജയേദ് 5 വിക്കറ്റ് നേടി. മുഹമ്മദ് സൈഫുദ്ദീന്‍ രണ്ട് വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനു വേണ്ടി ടോപ് ഓര്‍ഡര്‍ താരങ്ങളുടെ അര്‍ദ്ധ ശതകങ്ങളാണ് വിജയം ഒരുക്കിയത്. ലിറ്റണ്‍ ദാസ് 76 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ തമീം ഇക്ബാല്‍ 57 റണ്‍സും ഷാക്കിബ് അല്‍ ഹസന്‍ 50 റണ്‍സും നേടി. മുഷ്ഫിക്കുര്‍ റഹിം 35 റണ്‍സ് നേടിയപ്പോള്‍ മഹമ്മദുള്ള 35 റണ്‍സ് നേടി പുറത്താകാതെ നിന്നു.

വെള്ളിയാഴ്ച വിന്‍ഡീസുമായാണ് ബംഗ്ലാദേശിന്റെ ഫൈനല്‍ മത്സരം. നേരത്തെ ഇരു ടീമുകളും രണ്ട് തവണ ഏറ്റുമുട്ടിയപ്പോളും ബംഗ്ലാദേശിനായിരുന്നു വിജയം.