8 റണ്‍സ് ജയം സ്വന്തമാക്കി രംഗ്പൂര്‍ റൈഡേഴ്സ്

ടൂര്‍ണ്ണമെന്റിലെ ആദ്യ ജയം സ്വന്തമാക്കി രംഗ്പൂര്‍ റൈഡേഴ്സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ഖുല്‍ന ടൈറ്റന്‍സിനെയാണ് രംഗ്പൂര്‍ റൈഡേഴ്സ് കീഴടക്കിയത്. എട്ട് റണ്‍സിന്റെ ജയമാണ് രംഗ്പൂര്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത രംഗ്പൂര്‍ റൈഡേഴ്സ് ഓപ്പണര്‍ റൈലി റൂസോ 76 റണ്‍സിന്റെയും രവി ബൊപ്പാര നേടിയ നാല്പത് റണ്‍സിന്റെയും ബലത്തില്‍ 20 ഓവറില്‍ നിന്ന് 169 റണ്‍സ് നേടുകയായിരുന്നു. 3 വിക്കറ്റുകള്‍ നഷ്ടമായ ടീമിനു വേണ്ടി റൂസോ-ബൊപ്പാര സഖ്യം അപരാജിതമായ നാലാം വിക്കറ്റ് കൂട്ുകെട്ടില്‍ നിന്ന് 104 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഖുല്‍നയ്ക്ക് പോള്‍ സ്റ്റിര്‍ലിംഗ്(46 പന്തില്‍ 61), ജുനൈദ് സിദ്ധിക്കി(33) കൂട്ടുകെട്ട് ഒന്നാം വിക്കറ്റില്‍ 90 റണ്‍സ് നേടിയെങ്കിലും പിന്നീട് ടീം 8 റണ്‍സ് അകലെ കീഴടങ്ങുകയായിരുന്നു. മഹമ്മദുള്ള 24 റണ്‍സ് നേടി പുറത്തായി. ഷൈഫുള്‍ ഇസ്ലാം രണ്ടും മഷ്റഫെ മൊര്‍തസ, ബെന്നി ഹോവല്‍, ഫര്‍ഹദ് റീസ എന്നവര്‍ ഓരോ വിക്കറ്റും നേടി.