സൂപ്പര്‍ ഓവറില്‍ ചിറ്റഗോംഗിനു വിജയം, റോബി ഫ്രൈലിങ്ക് കളിയിലെ താരം

ചിറ്റഗോംഗ് വൈക്കിംഗ്സും ഖുല്‍ന ടൈറ്റന്‍സും തമ്മിലുള്ള മത്സരം നിശ്ചിത 20 ഓവറുകള്‍ക്ക് ശേഷം സമനിലയില്‍ പിരിഞ്ഞുവെങ്കിലും സൂപ്പര്‍ ഓവറില്‍ വിജയം ഉറപ്പാക്കി ചിറ്റഗോംഗ് വൈക്കിംഗ്സ്. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത വൈക്കിംഗ്സ് 11 റണ്‍സ് നേടിയപ്പോള്‍ റോബി ഫ്രൈലിങ്ക് എറിഞ്ഞ ഓവറില്‍ നിന്ന് 9 റണ്‍സ് മാത്രമേ ഖുല്‍നയ്ക്ക് നേടാനായുള്ളു. തന്റെ പ്രകടനത്തിനു റോബി ഫ്രൈലിങ്ക് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഖുല്‍ന ടൈറ്റന്‍സ് 151 റണ്‍സാണ് 6 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ദാവീദ് മലന്‍(45), മഹമ്മദുള്ള(33) എന്നിവരാണ് ടീമിനു വേണ്ടി തിളങ്ങിയത്. സുനസ്മുള്‍ ഇസ്ലാം രണ്ടും റോബി, നയീം ഹസന്‍, അബു ജയേദ്, ഖലീദ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റും ചിറ്റഗോംഗിനു വേണ്ടി നേടി.

യസീര്‍ അലി(41), റോബി ഫ്രൈലിങ്ക്(13 പന്തില്‍ 23), മുഷ്ഫിക്കുര്‍ റഹിം(34) എന്നിവരാണ് ചിറ്റഗോംഗിനെ സമനിലയില്‍ എത്തിക്കുവാന്‍ കിണഞ്ഞ് പരിശ്രമിച്ചവര്‍. എട്ട് വിക്കറ്റാണ് ടീമിനു നഷ്ടമായത്. അവസാന ഓവറില്‍ 19 റണ്‍സ് വിജയത്തിനായി വേണ്ടിയിരുന്ന ചിറ്റഗോംഗിനു വേണ്ടി അവസാന ഓവറില്‍ നിന്ന് മൂന്ന് സിക്സാണ് ബാറ്റ്സ്മാന്മാര്‍ നേടിയത്. രണ്ട് സിക്സുകള്‍ റോബി ഫ്രൈലിങ്ക് നേടിയപ്പോള്‍ ഒരു സിക്സ് നയീം ഹസന്‍ നേടി. അവസാന പന്തില്‍ റോബി റണ്ണൗട്ടായതാണ് അപ്പോള്‍ വിജയം സ്വന്തമാക്കുവാന്‍ വൈക്കിംഗ്സിനു തടസ്സമായത്. കാര്‍ലോസ് ബ്രാത്‍വൈറ്റ്, ഷരീഫുള്‍ ഇസ്ലാം എന്നിവര്‍ ഖുല്‍നയ്ക്കായി രണ്ട് വിക്കറ്റ് വീതം നേടി.