രാഹുലിനും പാണ്ഡ്യക്കും പകരക്കാരെ പ്രഖ്യാപിച്ച് ടീം ഇന്ത്യ

വിദേശ പര്യടനത്തിലുള്ള ഇന്ത്യൻ ടീമിലെ സസ്പെൻഡ് ചെയ്യപ്പെട്ട താരങ്ങളായ കെ.എൽ രാഹുലിനും ഹാർദ്ദിക് പാണ്ഡ്യക്കും പകരക്കാരെ പ്രഖ്യാപിച്ചു. ശുഭമൻ ഗില്ലും വിജയ്ശങ്കറുമാണ് രാഹുലിനും പാണ്ഡ്യക്കും പകരക്കാരായി വരിക. ഒരു ടെലിവിഷൻ ഷോയിൽ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശങ്ങളാണ് രാഹുലിനും പാണ്ഡ്യക്കും വിനയായത്.

അഡ്ലൈഡിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ സ്ക്വാഡിന്റെ ഭാഗമാകും വിജയ്ശങ്കർ. പിന്നീട് നടക്കുന്ന ന്യുസിലാന്റ് പര്യടനത്തിലും ഇന്ത്യൻ ടീമിന്റെ ഭാഗമാകും താരം. ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കാനുള്ള അവസരമാണ് യുവതാരം ശുഭമൻ ഗില്ലിന് ലഭിച്ചിരിക്കുന്നത്.

ന്യൂസിലാന്റിൽ നടക്കുന്ന ഏകദിനത്തിലും T20 ടീമിലും ശുഭമൻ ഗിൽ ഇടം നേടി. ന്യൂസിലാന്റിലേക്കുള്ള ഗില്ലിന്റെ തിരിച്ച് വരവാണിത്. കഴിഞ്ഞ വർഷം നടന്ന U19 ലോകകപ്പിൽ തകർപ്പൻ പ്രകടനമായിരുന്നു താരത്തിന്റേത്. അഞ്ചു തവണ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട് വിജയ്ശങ്കർ.