ബംഗ്ലാദേശ് ടീമിനുള്ള പരിശീലന നിര്‍ദ്ദേശം നല്‍കുന്നത് വാട്സാപ്പിലൂടെ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ലോക്ക്ഡൗണ്‍ ആണെങ്കിലും ലോകത്തെ വിവിധ സ്പോര്‍ട്സ് താരങ്ങളും തങ്ങളുടെ വ്യായാമ മുറകളുമായി മുന്നോട്ട് പോകുകയാണ്. തങ്ങളുടെ ഫിറ്റ്നെസ്സ് ഏറെ പ്രാധാന്യമുള്ള കായിക താരങ്ങള്‍ തങ്ങളുടെ ട്രെയിനര്‍മാരുമായി ഓണ്‍ലൈന്‍ സമ്പര്‍ക്കം തുടര്‍ന്നാണ് ഇക്കാര്യങ്ങള്‍ മുന്നോട്ട് നീക്കുന്നത്. ബംഗ്ലാദേശ് അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങള്‍ക്കും സമാനമായ ഫിറ്റ്നെസ്സ് പ്രോഗ്രാമുണ്ടെന്നും അവ നല്‍കുന്നത് വാട്സാപ്പിലൂടെയാണന്നും ബൗളിംഗ് കോച്ച് ഓടിസ് ഗിബ്സണ്‍ പറഞ്ഞു.

ഇത്തരം അപ്ഡേറ്റുകള്‍ക്ക് വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ടെന്നും ഓരോ പുതിയ കാര്യങ്ങള്‍ ഗ്രൂപ്പില്‍ പറയുകയാണ് ചെയ്യുന്നതെന്നും ഗിബ്സണ്‍ വ്യക്തമാക്കി. താരങ്ങള്‍ക്ക് കൃത്യമായ ഇടവേളകളില്‍ ട്രെയിനര്‍മാരില്‍ നിന്നും കോച്ചുമാരില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ ലഭിച്ച് വരികയാണ്. മുഖ്യ കോച്ച് റസ്സല്‍ ഡൊമിംഗോയും സന്ദേശങ്ങള്‍ ഗ്രൂപ്പിലിടാറുണ്ടെന്ന് ഗിബ്സണ്‍ വ്യക്തമാക്കി.

ഇത് കൂടാതെ താന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് പ്രത്യേകം സന്ദേശങ്ങള്‍ നല്‍കി വരികയാണെന്നും ഗിബ്സണ്‍ പറഞ്ഞു. അവര്‍ ഈ നിര്‍ദ്ദേശങ്ങള്‍ തുടര്‍ന്ന് പോകുകയാണെങ്കില്‍ കൊറോണ കഴിഞ്ഞുള്ള സാഹചര്യത്തിലും അവരുടെ ഫിറ്റ്നെസ്സ് നില മികച്ചതായി തുടരുമെന്നും ബൗളിംഗെല്ലാം വേണ്ട സമയത്ത് ശരിയായി വരുമെന്നും ഗിബ്സണ്‍ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് മുമ്പ് താരങ്ങള്‍ക്ക് വേണ്ടത്ര പരിശീലനത്തിന് സമയം ലഭിയ്ക്കുമെന്ന് പ്രതീക്ഷിക്കുവെന്നും ബൗളിംഗ് കോച്ച് വ്യക്തമാക്കി.