ജോ ഡെന്‍ലിയ്ക്ക് കരുതല്‍ താരമായി ജോണി ബൈര്‍സ്റ്റോ

ന്യൂസിലാണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരത്തില്‍ കരുതല്‍ താരമായി ജോണി ബൈര്‍ സ്റ്റോയും. പരിശീലനത്തിനിടെ പരിക്കേറ്റ ജോ ഡെന്‍ലിയ്ക്ക് കരുതലായാണ് ബൈര്‍സ്റ്റോയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ടി20 പരമ്പരയ്ക്ക് ശേഷം ബൈര്‍സ്റ്റോ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനൊപ്പം തുടരുമെന്നാണ് അറിയുന്നത്. ഇംഗ്ലണ്ടും ന്യൂസിലാണ്ടും തമ്മില്‍ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയാണുള്ളത്. ആദ്യ ടി20യ്ക്ക് മുമ്പ് പരിശീലനത്തിനിടെയാണ് ജോ ഡെന്‍ലിയ്ക്ക് പരിക്കേറ്റത്. കഴിഞ്ഞ ദിവസം താരം പരിശീലനത്തില്‍ ചെറിയ തോതില്‍ ഏര്‍പ്പെട്ടുവെങ്കിലും കരുതലെന്ന നിലയിലാണ് ഇംഗ്ലണ്ട് ബൈര്‍സ്റ്റോയെ വിളിച്ചിരിക്കുന്നത്.

ആഷസിലെ മോശം പ്രകടനം മൂലം ആദ്യം പ്രഖ്യാപിച്ച ടെസ്റ്റ് ടീമില്‍ ബൈര്‍സ്റ്റോയ്ക്ക് ഇടം ലഭിച്ചിരുന്നില്ല. ആഷസില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് ബൈര്‍സ്റ്റോ ഒരു അര്‍ദ്ധ ശതകം മാത്രമാണ് നേടിയത്. ജോ ഡെന്‍ലി പരമ്പരയിലെ ആദ്യ ടെസ്റ്റിന് മുമ്പ് ഫിറ്റാകുന്നില്ലെങ്കില്‍ ഇംഗ്ലണ്ട് സാക്ക് ക്രോളിയ്ക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കിയേക്കും.