ഫോമിലായി ബാബര്‍, ഫോം തുടര്‍ന്ന് റിസ്വാന്‍, പാക്കിസ്ഥാന് വിജയം

ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20യിൽ മിന്നും വിജയവുമായി പാക്കിസ്ഥാന്‍. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 200 എന്ന വിജയ ലക്ഷ്യം പാക്കിസ്ഥാന് നൽകിയപ്പോള്‍ ഓപ്പണര്‍മാരുടെ അഭേദ്യമായ കൂട്ടുകെട്ട് പാക്കിസ്ഥാനെ പത്ത് വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ബാബര്‍ അസം 66 പന്തിൽ 110റൺസും മൊഹമ്മദ് റിസ്വാന്‍ 51 പന്തിൽ 88 റൺസും നേടിയാണ് പാക്കിസ്ഥാന്റെ വിജയം എളുപ്പമാക്കിയത്.

ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇന്ന് പാക്കിസ്ഥാന് വേണ്ടി ബാബര്‍ അസമും മൊഹമ്മദ് റിസ്വാനും നേടിയത്. 19.3 ഓവറിൽ 203 റൺസ് നേടിയാണ് ഈ കൂട്ടുകെട്ട് പാക് വിജയം ഉറപ്പാക്കിയത്.

പത്തോവറിൽ 87 റൺസാണ് വിക്കറ്റ് നഷ്ടമില്ലാതെ പാക്കിസ്ഥാന്‍ നേടിയത്. തുടര്‍ന്നും ഓപ്പണര്‍മാര്‍ ബാറ്റിംഗ് മികവ് തുടര്‍ന്നപ്പോള്‍ 13ാം ഓവര്‍ എറിഞ്ഞ മോയിന്‍ അലിയെ ബാബര്‍ അസം രണ്ട് സിക്സും റിസ്വാന്‍ ഒരു സിക്സും നേടിയപ്പോള്‍ ഓവറിൽ നിന്ന് 21 റൺസാണ് പിറന്നത്.

ആദിൽ റഷീദ് എറിഞ്ഞ 15ാം ഓവറിൽ രണ്ട് സിക്സ് അടക്കം 16 റൺസ് വന്നപ്പോള്‍ പാക്കിസ്ഥാന് അവസാന അഞ്ചോവറിൽ വെറും 49 റൺസ് മാത്രമായിരുന്നു വേണ്ടത്. പിന്നീടുള്ള ഓവറുകളിലും റൺ ഒഴുക്ക് തടയുവാന്‍ ഇംഗ്ലണ്ടിന് സാധിക്കാതെ പോയപ്പോള്‍ 18 പന്തിൽ വിജയ ലക്ഷ്യം 24 ആയി മാറി.

സാം കറന്‍ എറിഞ്ഞ 18ാം ഓവറിൽ വെറും നാല് റൺസ് മാത്രം പിറന്നപ്പോള്‍ 12 പന്തിൽ 20 എന്നായി ലക്ഷ്യം. 62 പന്തിൽ തന്റെ ശതകം തികച്ച ബാബറും റിസ്വാനും ക്രീസിൽ നിൽക്കുന്നതിനാൽ തന്നെ പാക് ക്യാമ്പിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന സാഹചര്യം ഇല്ലായിരുന്നു.

ലൂക്ക് വുഡ് എറിഞ്ഞ 19ാം ഓവറിൽ ബാബറും റിസ്വാനും ഓരോ ഫോര്‍ നേടിയപ്പോള്‍ വുഡ് എക്സ്ട്രാസും എറിഞ്ഞ് പാക്കിസ്ഥാന്റെ ലക്ഷ്യം ചെറുതാക്കി കൊടുത്തു. ഓവറിൽ നിന്ന് 17 റൺസാണ് പിറന്നത്. ഇതോടെ അവസാന ഓവറിൽ ജയത്തിനായി വെറും 3 റൺസ് മാത്രം പാക്കിസ്ഥാന്‍ നേടിയാൽ മതിയായിരുന്നു.