ബാബര്‍ കളിച്ച 26 ടെസ്റ്റുകളില്‍ പകുതിയിലും താരത്തെ മുന്‍ നിര ബാറ്റ്സ്മാനായി പരിഗണിക്കപ്പെട്ടിട്ടില്ല – ടോം മൂഡി

പാക്കിസ്ഥാന്‍ ക്രിക്കറ്റിലെ വരുംകാലത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ അത് ബാബര്‍ അസം ആയിരിക്കുമെന്നാണ് ക്രിക്കറ്റ് പണ്ഡിതന്മാര്‍ എല്ലാം വാഴ്ത്തുന്നത്. ചിലര്‍ വിരാട് കോഹ്‍ലിയോടാണ് താരത്തിന്റെ പ്രകടനങ്ങളെ താരതമ്യം ചെയ്യുന്നത്. വരാനിരിക്കുന്ന കാലത്ത് കോഹ്‍ലിയെ പോലെ റെക്കോര്‍ഡുകള്‍ കീഴടക്കുന്ന താരമായിരിക്കും ബാബര്‍ അസം എന്നാണ് ബഹുഭൂരിപക്ഷം ആളുകളും പറയുന്നത്. ഇപ്പോള്‍ താരത്തെ ഏറെ പ്രശംസിച്ചിരിക്കുകയാണ് ടോം മൂഡി.

ബാബര്‍ അസം ഇതുവരെ 26 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ടെങ്കിലും അതില്‍ പകുതിയിലും താരത്തെ പ്രധാന ബാറ്റിംഗ് ലൈനപ്പിന്റെ ഭാഗമായി പരിഗണിക്കപ്പെട്ടിട്ടില്ലെന്നതാണ് സത്യമെന്ന് ടോം മൂഡി പറഞ്ഞു. ഈ ഭൂരിഭാഗം മത്സരങ്ങളിലും താരത്തെ ബാറ്റിംഗ് ഓര്‍ഡറില്‍ താഴ്ത്തിയാണ് ഇറക്കിയിട്ടുള്ളത്. അവിടെ നിന്ന് ഇന്ന് പാക്കിസ്ഥാന്റെ മുന്‍ നിര ബാറ്റ്സ്മാനായി ബാബര്‍ ഉയര്‍ന്നിട്ടുണ്ടെങ്കില്‍ അത് അതുല്യ പ്രതിഭയായതിനാലാണെന്നും ഇനിയുള്ള കാലങ്ങളില്‍ പ്രത്യേകത നിറഞ്ഞ പ്രകടനവും ഇന്നിംഗ്സും താരത്തില്‍ നിന്ന് പ്രതീക്ഷിക്കാമെന്നും ടോം മൂഡി വ്യക്തമാക്കി.