അസ്ഹറുദ്ദീന് കാരണം കാണിക്കൽ നോട്ടീസ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

മുന്‍ ഇന്ത്യന്‍ താരവും ഹൈദ്രാബാദ് ക്രിക്കറ്റ് അസോസ്സിയേഷന്‍ പ്രസിഡന്റുമായ മുഹമ്മദ് അസ്ഹറുദ്ദീന് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഹൈദ്രാബാദ് ക്രിക്കറ്റ് അസോസ്സിയേഷന്‍ അപെക്സ് കൗണ്‍സിൽ. കോൺഫ്ലിക്ട് ഓഫ് ഇന്ററസ്റ്റ്, അഴിമതി, സ്വേച്ഛാധിപത്യം, നിയമനങ്ങളിൽ സ്വജനപക്ഷപാതം എന്നിവ അസ്ഹറുദ്ദീന്റെ പ്രവര്‍ത്തികളില്‍ ഉണ്ടെന്നും ഇതിൽ വിശദീകരണം വേണമെന്നും പറഞ്ഞാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

അപെക്സ് കൗണ്‍സിലിലെ ഒമ്പത് അംഗങ്ങളിൽ അഞ്ച് പേരുടെ ഒപ്പ് ഈ നോട്ടീസിലുണ്ട്. ഏഴ് ദിവസത്തിനുള്ളിൽ നോട്ടീസിന് മറുപടി നല്‍കണമെന്നും അല്ലാത്തപക്ഷം അസ്ഹറിനെതിരെ നടപടിയുണ്ടാകുമെന്നാണ് നോട്ടീസില്‍ സൂചിപ്പിക്കുന്നത്.

ബിസിസിഐ അംഗീകൃതമല്ലാത്ത ടൂര്‍ണ്ണമെന്റിൽ പങ്കെടുക്കുന്ന ദുബായിയിലെ ഒരു സ്വകാര്യ ക്ലബിൽ അസ്ഹര്‍ അംഗമാണെന്നത് മറച്ചുവെച്ചുവെന്നാണ് ഒരു ആരോപണം. ബിസിസിഐയ്ക്കോ ഹൈദ്രാബാദ് ക്രിക്കറ്റ് അസോസ്സിയേഷനോ അസ്ഹര്‍ തന്റെ റിട്ടയര്‍മെന്റിനെക്കുറിച്ച് അറിയിച്ചിട്ടില്ലെന്നും റിട്ടയര്‍ ചെയ്ത് കുറഞ്ഞത് അ‍ഞ്ച് വര്‍ഷം കഴിഞ്ഞവര്‍ മാത്രമേ മത്സരിക്കാവൂ എന്ന് നിയമം ഉണ്ടെന്നും നോട്ടീസിൽ പറയുന്നു.

എന്നാൽ അസ്ഹര്‍ ഇത് സംബന്ധിച്ച് 2019ൽ തന്നെ ഹൈദ്രാബാദ് ക്രിക്കറ്റ് അസോസ്സിയേഷനിന് വിശദീകരണം നല്‍കിയിരുന്നുവെന്നാണ് അറിയുന്നത്. ഹൈദ്രാബാദ് ക്രിക്കറ്റ് അസോസ്സിയേഷനിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ ഫലമായാണ് ഈ നോട്ടീസ് എന്നാണ് അറിയുവാന്‍ കഴിയുന്നത്.