പാക്കിസ്ഥാന്റെ സ്പിന്‍ കുരുക്കുകള്‍ അഴിക്കുവാന്‍ ഓസ്ട്രേലിയെ സഹായിക്കുന്നവരില്‍ മലയാളി സാന്നിധ്യവും

യുഎഇയില്‍ പാക്കിസ്ഥാനെതിരെ ടെസ്റ്റ് പരമ്പരയില്‍ കളിക്കാനെത്തുമ്പോള്‍ ഓസ്ട്രേലിയ ഭയപ്പെടേണ്ടത് പാക്കിസ്ഥാന്റെ സ്പിന്‍ ബൗളിംഗിനെയാണ്. കഴിഞ്ഞ തവണ യസീര്‍ ഷായുടെ സഹതാരം സുല്‍ഫിക്കര്‍ ബാബറിനു(14 വിക്കറ്റ്) മുന്നില്‍ തകര്‍ന്ന ഓസ്ട്രേലിയയ്ക്ക് ഇപ്രാവശ്യം ഷദബ് ഖാനെ കൂടി നേരിടേണ്ടതുണ്ട്. എന്നാല്‍ പാക്കിസ്ഥാന്റെ ഈ സ്പിന്‍ വെല്ലുവിളി നേരിടുവാന്‍ തന്നെ തീരുമാനിച്ചുറച്ചാണ് ഓസ്ട്രേലിയ എത്തുന്നത്. ടീമിന്റെ സ്പിന്‍ ബൗളിംഗ് കോച്ച് എസ് ശ്രീറാം രണ്ട് ഇന്ത്യന്‍ സ്പിന്നര്‍മാരുടെ സേവനങ്ങള്‍ ഓസ്ട്രേലിയയ്ക്കായി സ്വന്തമാക്കിയിട്ടുണ്ട്. ഇതില്‍ ഒരാള്‍ മലയാളിയാണ്.

സ്ലോ ലെഫ്റ്റ്-ആം സ്പിന്നര്‍ കെ ജിയാസിന്റെയും ലെഗ് സ്പിന്നര്‍ പ്രദീപ് സാഹുവിന്റെയും സേവനങ്ങളാണ് ടീം സ്വന്തമാക്കിയിരിക്കുന്നത്. ബ്രിസ്ബെയിനിലെ ക്യാമ്പുകളും ഇന്ത്യയിലെ എ ടീമിന്റെ പരമ്പരയിലും ഇപ്പോള്‍ പാക്കിസ്ഥാനിലേക്കുള്ള ടെസ്റ്റ് സ്ക്വാഡിലെ ഒട്ടനവധി താരങ്ങള്‍ അംഗമായിരുന്നു. ഇവര്‍ക്ക് ഇന്ത്യയില്‍ സ്പിന്നര്‍മാരെ നേരിട്ട അനുഭവവും ഇപ്പോള്‍ യുഎഇയില്‍ നടക്കുന്ന ക്യാമ്പില്‍ ജിയാസും പ്രദീപ് സാഹുവും പന്തെറിയുമ്പോള്‍ നേടുന്ന പരിചയവും ടീമിനെ യുഎഇയില്‍ സ്പിന്‍ വെല്ലുവിളി നേരിടുവാന്‍ സജ്ജമാക്കുമെന്നാണ് ടീം മാനേജ്മെന്റിന്റെ വിശ്വാസം.

ടീമിന്റ കണ്‍സള്‍ട്ടന്റായ മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശ്രീധരന്‍ ശ്രീറാമാണ് ഈ വെല്ലുവിളിയെ നേരിടുവാന്‍ ഓസ്ട്രേലിയയ്ക്ക് വേണ്ട സഹായം നല്‍കുന്നത്. മലയാളി താരം കെകെ ജിയാസിനെയും ഹരിയാനക്കാരന്‍ പ്രദീപ് സാഹുവിനെയും യുഎഇയിലേക്ക് എത്തിച്ച് വിവിധ തരം സ്പിന്‍ ബൗളിംഗ് തന്ത്രങ്ങളെ നേരിടുവാന്‍ ഓസ്ട്രേലിയ തയ്യാറാകുകയാണ്. 13 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള സാഹു ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് വിവിധ തരം റിസ്റ്റ് സ്പിന്‍ ബൗളിംഗിനെക്കുറിച്ചും അവ എങ്ങനെ നേരിടണമെന്നുമെല്ലാം വിശദീകരിച്ചു കൊടുക്കുന്നുണ്ടെന്നാണ് ശ്രീറാം പറയുന്നത്.

ഒക്ടോബര്‍ 7നു ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ് മത്സരം അരങ്ങേറുന്നത്.