ഖവാജ, ശതകം പൂര്‍ത്തിയാക്കിയുടനെ ഡിക്ലറേഷനുമായി ഓസ്ട്രേലിയ, ശ്രീലങ്കയ്ക്ക് വിജയിക്കുവാന്‍ 516 റണ്‍സ്

കാന്‍ബറയിലും ശ്രീലങ്കയ്ക്കെതിരെ ഓസ്ട്രേലിയന്‍ ആധിപത്യം. ആദ്യ ഇന്നിംഗ്സ് 534/5 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ് 196/3 എന്ന് നിലയില്‍ ഡിക്ലയര്‍ ചെയ്ത് ശ്രീലങ്കയ്ക്ക് മുന്നില്‍ 516 റണ്‍സിന്റെ വിജയ ലക്ഷ്യമാണ് നല്‍കിയത്. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 215 റണ്‍സിനു അവസാനിച്ചപ്പോള്‍ ഫോളോ ഓണിനു ഓസ്ട്രേലിയ ശ്രമിച്ചില്ല. 319 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡായിരുന്നു ഓസ്ട്രേലിയ സ്വന്തമാക്കിയത്.

തുടക്കത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടമായി 37/3 എന്ന നിലയിലായിരുന്നുവെങ്കിലും ഉസ്മാന്‍ ഖവാജയും ട്രാവിസ് ഹെഡും ഓസ്ട്രേലിയയെ മുന്നോട്ട് നയിക്കുകയായിരുന്നു. ഹെഡ് 59 റണ്‍സ് നേടിയപ്പോള്‍ ഖവാജ തന്റെ ശതകം പൂര്‍ത്തിയാക്കിയ ഉടനെ ഓസ്ട്രേലിയ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 196/3 എന്ന നിലയില്‍ ആണ് ഓസ്ട്രേലിയ തങ്ങളുടെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത്.

നാലാം വിക്കറ്റില്‍ 159 റണ്‍സാണ് ഖവാജ-ഹെഡ് കൂട്ടുകെട്ട് നേടിയത്. ശ്രീലങ്കയ്ക്കായി കസുന്‍ രജിത രണ്ടും വിശ്വ ഫെര്‍ണാണ്ടോ ഒരു വിക്കറ്റും നേടി.

Previous articleഒലെയ്ക്ക് ഇന്ന് മുതൽ കടുപ്പം, മാഞ്ചസ്റ്റർ ഇന്ന് ലെസ്റ്ററിൽ
Next articleഇ കെ നായനാർ ഫുട്ബോൾ ഫൈനലിൽ ഫിഫാ മഞ്ചേരി ഇന്ന് സ്കൈ ബ്ലൂ എടപ്പാളിനെതിരെ