ഒലെയ്ക്ക് ഇന്ന് മുതൽ കടുപ്പം, മാഞ്ചസ്റ്റർ ഇന്ന് ലെസ്റ്ററിൽ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിനും സോൾഷ്യാർക്കും ഇനി കടുപ്പമുള്ള പരീക്ഷണങ്ങളാണ് മുന്നിൽ. ഇന്ന് ലെസ്റ്റർ സിറ്റിക്കെതിരെ ഇറങ്ങുന്നത് മുതൽ അങ്ങോട്ട് യുണൈറ്റഡിന് നിർണായകമായ മത്സരങ്ങൾ ആകും. ഇന്ന് ലെസ്റ്ററിന്റെ ഹോമിൽ ആണ് മത്സരം നടക്കുക. അത്ര നല്ല ഫോമിൽ അല്ലായെങ്കിലും വമ്പന്മാരെ ഒന്നും ഈ സീസണിൽ സമാധാനത്തോടെ വിടാത്ത ടീമാണ് ലെസ്റ്റർ സിറ്റി.

അവസാന മത്സരത്തിൽ ലിവർപൂളിനെ സമനിലയിൽ പിടിച്ച ലെസ്റ്റർ കഴിഞ്ഞ മാസങ്ങളിൽ ചെൽസിയെയും മാഞ്ചസ്റ്റർ സിറ്റിയെയും ഒക്കെ പരാജയപ്പെടുത്തിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ആണെങ്കിൽ ബേർൺലിക്ക് എതിരെ വഴങ്ങേണ്ടി വന്ന സമനിലയിലെ നിരാശ മാറാതെയാണ് ഇന്ന് കളിക്കാൻ ഇറങ്ങുന്നത്. പരിക്ക് മാറി മാർഷ്യൽ എത്തുന്നത് യുണൈറ്റഡിനെ ശക്തമാക്കും.

ആൻഡെർ ഹെരേര, ലിംഗാർഡ് എന്നിവർ ഇന്ന് വീണ്ടും ആദ്യ ഇലവനിൽ എത്തും. കഴിഞ്ഞ കളിയിൽ നിറം മങ്ങിയ ലുകാകു ബെഞ്ചിലും എത്തും. ഇന്ന് വൈകിട്ട് 7.55നാണ് മത്സരം നടക്കുക.

Advertisement