ഇംഗ്ലണ്ടിനെതിരെ ആശ്വാസ ജയം, റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഓസ്ട്രേലിയ

Photo: cricket.com.au

ഇംഗ്ലണ്ടിനെതിരായ അവസാന ടി20 മത്സരത്തിൽ ഓസ്‌ട്രേലിയക്ക് ആശ്വാസ ജയം. 5 വിക്കറ്റിനാണ് പരമ്പരയിലെ അവസാന മത്സരത്തിൽ ഓസ്ട്രേലിയ ജയം കണ്ടെത്തിയത്. നേരത്തെ പരമ്പയിലെ ആദ്യ 2 മത്സരങ്ങൾ ജയിച്ച ഇംഗ്ലണ്ട് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. ജയത്തോടെ ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാനും ഓസ്ട്രേലിയക്കായി.

ടോസ് നേടിയ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടർന്ന് ഇംഗ്ലണ്ട് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 145 റൺസാണ് എടുത്തത്. ഇംഗ്ലണ്ട് ഉയർത്തിയ ലക്‌ഷ്യം ഓസ്ട്രേലിയ മൂന്ന് പന്ത് ബാക്കി നിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടക്കുകയായിരുന്നു.

ഒരു ഘട്ടത്തിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 70 റൺസിൽ നിന്ന് 5 വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് എന്ന നിലയിലേക്ക് ഓസ്ട്രേലിയ തകർന്നെങ്കിലും പുറത്താവാതെ 39 റൺസ് എടുത്ത മിച്ചൽ മാർഷും പുറത്താവാതെ 16 റൺസ് എടുത്ത ആഗറും ഓസ്‌ട്രേലിയക്ക് ജയം സമ്മാനിക്കുകയായിരുന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി ക്യാപ്റ്റൻ ഫിഞ്ച് 39 റൺസും സ്റ്റോയിൻസ് 26 റൺസ് എടുത്തും പുറത്തായി.

നേരത്തെ ഇംഗ്ലണ്ടിന് വേണ്ടി 44 പന്തിൽ 55 റൺസ് എടുത്ത ബെയർസ്‌റ്റോയുടെയും 19 പന്തിൽ 29 റൺസ് എടുത്ത ഡെൻലിയുടെയും മികവിലാണ് ഇംഗ്ലണ്ട് 145 റൺസ് എടുത്തത്.

Previous articleരാജീവ് റാം സഖ്യത്തെ വീഴ്‌ത്തി നിക്കോള, വെസ്ലി സഖ്യം യു.എസ് ഓപ്പൺ ഫൈനലിൽ
Next articleറഷ്യൻ സഖ്യത്തെ വീഴ്‌ത്തി ജർമ്മൻ-റഷ്യൻ സഖ്യം യു.എസ് ഓപ്പൺ ഫൈനലിൽ