ആരാധകരെ ശാന്തരാകുവിന്‍!!! കോഹ്‍ലിയിൽ നിന്ന് ശതകം മാത്രം പ്രതീക്ഷിക്കുന്നതാണ് പ്രശ്നം – റഷീദ് ഖാന്‍

Sports Correspondent

Kohlirashidkhan

വിരാട് കോഹ്‍ലി ഫോം ഔട്ട് അല്ലെന്നും താരത്തിന്റെ ആരാധകര്‍ താരത്തിൽ നിന്ന് ശതകം മാത്രം പ്രതീക്ഷിക്കുന്നതാണ് പ്രശ്നമെന്നും പറഞ്ഞ് അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റഷീദ് ഖാന്‍. വിരാട് കോഹ്‍ലി കളിക്കുന്ന ഷോട്ടുകള്‍ കണ്ടിട്ട് അദ്ദേഹം ഔട്ട് ഓഫ് ഫോം ആണെന്ന് ആര്‍ക്കും പറയുവാന്‍ സാധിക്കില്ലെന്നും റഷീദ് ഖാന്‍ പറ‍ഞ്ഞു.

വിരാട് കോഹ്‍ലിയും റഷീദ് ഖാനും ഏഷ്യ കപ്പിനായി ദുബായിയിൽ എത്തിയപ്പോള്‍ കണ്ട് സംസാരിച്ചിരുന്നു. അതിന് ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു റഷീദ് ഖാന്‍.

ഓരോ മത്സരത്തിലും കോഹ്‍ലിയുടെ ആരാധകര്‍ അദ്ദേഹത്തിൽ നിന്ന് ശതകം പ്രതീക്ഷിക്കുന്നതാണ് പ്രശ്നം എന്നും റഷീദ് ഖാന്‍ വ്യക്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിലും ശ്രമകരമായ പിച്ചുകളിൽ 50-60 സ്കോറുകള്‍ താരം നേടുന്നുണ്ടെന്നും മറ്റു വല്ല ബാറ്റ്സ്മാന്മാരുമാണെങ്കില്‍ മികച്ച ഫോമിലാണ് കളിക്കുന്നതെന്ന് ഏവരും പറയുമെന്നും എന്നാൽ കോഹ്‍ലിയുടെ നിലവാരം ഏറെ ഉയര്‍ന്നതാണെന്നും അതിനാൽ താരത്തിൽ നിന്ന് എല്ലാവരും ശതകമാണ് പ്രതീക്ഷിക്കുന്നതെന്നും റഷീദ് ഖാന്‍ കൂട്ടിചേര്‍ത്തു.