നേപ്പാളിനെ 131 റണ്‍സിനു എറിഞ്ഞിട്ട ശേഷം ലക്ഷ്യം 37.3 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കി അഫ്ഗാനിസ്ഥാന്. അനായാസം ലക്ഷ്യം നേടുമെന്ന് അഫ്ഗാനിസ്ഥാന് കരുതിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി അഫ്ഗാനിസ്ഥാന് മത്സരത്തില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. എന്നാല്‍ എറിഞ്ഞു പിടിക്കേണ്ട ലക്ഷ്യം തീരെ ചെറുതായത് നേപ്പാളിനു തിരിച്ചടിയായി.
ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 38.3 ഓവറില്‍ 131 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. രോഹിത് പൗദേല്‍ 46 റണ്‍സ് നേടി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ വാലറ്റത്തില്‍ റഷീദ് ഖാന് ടീമിന്റെ രക്ഷയ്ക്കായി 30 റണ്‍സ് സ്കോര്‍ ചെയ്തു. അസ്മത്തുള്ള നാലും കൈസ് അഹമ്മദ്, അബ്ദുള്‍ റഹ്മാന് എന്നിവര്‍ രണ്ട് വീതം വിക്കറ്റുമാണ് അഫ്ഗാനിസ്ഥാനു വേണ്ടി നേടിയത്.
അഫ്ഗാന് നിരയില്‍ ആരും തന്നെ 30നു മുകളില്‍ സ്കോര്‍ നേടിയില്ലെങ്കിലും ബാറ്റ്സ്മാന്മാരെല്ലാം റണ്‍സ് കണ്ടെത്തിയപ്പോള്‍ ടീമിനു 3 വിക്കറ്റ് ജയം ഉറപ്പാക്കുവാനായി. 26 റണ്‍സ് നേടിയ ക്യാപ്റ്റന്‍ റഹ്മാനുള്ളയും 23 റണ്‍സ് വീതം നേടിയ അസ്മത്തുള്ളയും ആരിഫ് ഖാനുമാണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്. ആരിഫ് ഖാന് പുറത്താകാതെ നിന്നു.
നേപ്പാളിനായി സൂര്യ തമാംഗ് നാല് വിക്കറ്റ് നേടി. റഷീദ് ഖാന്, പവന് സരഫ്, സാഗര്‍ ദാക്കല്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. 23 റണ്‍സും നാല് വിക്കറ്റും നേടി അഫ്ഗാനിസ്ഥാന്റെ അസ്മത്തുള്ളയാണ് കളിയിലെ താരം.