സൂപ്പർ 4ൽ ബംഗ്ലാദേശിനും പിറകിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത് പാകിസ്താൻ

പാകിസ്താന് ഈ ഏഷ്യാ കപ്പ് നിരാശയുടേത് മാത്രമായിരുന്നു‌. ഇന്ന് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശ് വിജയിച്ചതോടെ സൂപ്പർ ഫോർ ഘട്ടത്തിൽ പാകിസ്താൻ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടി വന്നു. ബംഗ്ലാദേശ് ഇന്ന് ഇന്ത്യയെ 6 റൺസിന് ആയിരുന്നു തോൽപ്പിച്ചത്‌ ഇതോടെ ബംഗ്ലാദേശ് മൂന്നാം സ്ഥാനത്തും പാകിസ്താൻ നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

ബംഗ്ലാദേശും പാകിസ്ഥാനും 2 പോയിന്റു വീതം ആണ് നേടിയത്. കുറഞ്ഞ നെറ്റ് റൺ റേറ്റ് പാകിസ്താന് വിനയായി. പാകിസ്താന് -1.23 ആയുരുന്നു റൺസ് റേറ്റ്. ബംഗ്ലാദേശിന് -0.469 ആണ് നെറ്റ് റൺ റേറ്റ്‌. പാകിസ്താൻ സൂപ്പർ ഫോറിൽ ബംഗ്ലാദേശിനോട് മാത്രമാണ് ജയിച്ചത്. ശ്രീലങ്കയോടും ഇന്ത്യയോടും അവർ പരാജയപ്പെട്ടു. ഇന്ത്യയോട് അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരാജയമായിരുന്നു പാകിസ്താൻ നേരിട്ടത്.

“അവസരം കിട്ടാത്ത താരങ്ങൾക്ക് അവസരം നൽകുക ആയിരുന്നു ഉദ്ദേശം” – രോഹിത് ശർമ്മ

ഇന്ന് ബംഗ്ലാദേശിന് എതിരായ മത്സരത്തിൽ ഇന്ത്യ ഏഴ് റൺസിന്റെ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇന്ന് ഏറെ മാറ്റങ്ങളുമായാണ് ഇന്ത്യ ബംഗ്ലാദേശിന് എതിരെ ഇറങ്ങിയത്. ബുമ്ര, കോഹ്ലി എന്നിവർ ഒന്നും ഇന്ന് കളിച്ചിരുന്നു. അവസരം കിട്ടാത്തവർക്ക് അവസരം നൽകാൻ ആണ് ഇന്ത്യ ഇന്ന് ശ്രമിച്ചത് എന്ന് രോഹിത് ശർമ്മ മത്സര ശേഷം പറഞ്ഞു.

വലിയ ചിത്രം മനസ്സിൽ വെച്ചുകൊണ്ട് എല്ലാവർക്ക്യ്ൻ കുറച്ച് ഗെയിം ടൈം നൽകാൻ ആണ് ഞങ്ങൾ ആഗ്രഹിച്ചത്. ലോകകപ്പ് കളിക്കാൻ സാധ്യതയുള്ള ചില കളിക്കാരെ ഉൾപ്പെടുത്തുക അതായിരുന്നു ലക്ഷ്യം. രോഹിത് പറഞ്ഞു.

അക്‌സർ നന്നായി ബാറ്റ്‌ ചെയ്‌തെങ്കിലും വിജയത്തിലേക്ക് എത്തിക്കാം ആയില്ല. ക്രെഡിറ്റ് ബംഗ്ലാദേശ് ബൗളർമാർക്കാണ്. ഗില്ലിന്റെ സെഞ്ചുറി മിന്നുന്നതായിരുന്നു. അവൻ തന്റെ കഴിവിനെ വിശ്വസിക്കുന്നു. എങ്ങനെ കളിക്കണമെന്ന് അവനറിയാം. ടീമിനായി താൻ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് അവൻ വളരെ വ്യക്തമാണ്.” രോഹിത് പറഞ്ഞു.

ഗില്ലിന്റെ ഒറ്റയാള്‍ പോരാട്ടത്തിന് ശേഷം അക്സറിന്റെ ബാറ്റിംഗ് മികവ്!!! എന്നിട്ടും ജയിക്കാനാകാതെ ഇന്ത്യ

ഏഷ്യ കപ്പിലെ അവസാന സൂപ്പര്‍ 4 മത്സരത്തിൽ ഇന്ത്യയ്ക്ക് പരാജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 265 റൺസ് നേടിയപ്പോള്‍ ഇന്ത്യയ്ക്ക് 259 റൺസ് മാത്രമേ നേടാനായുള്ളു. 6 റൺസിന്റെ ആശ്വാസ ജയവുമായി ടൂര്‍ണ്ണമെന്റ് അവസാനിപ്പിക്കുവാന്‍ ബംഗ്ലാദേശിന് സാധിച്ചപ്പോള്‍ ഇന്ത്യയ്ക്ക് ഫൈനലിലേക്ക് തോൽവിയോടെ എത്തേണ്ട സാഹചര്യമാണുള്ളത്.

ആദ്യ ഓവറിൽ തന്നെ രോഹിത് ശര്‍മ്മയെ നഷ്ടമായ ഇന്ത്യയ്ക്ക് ഒരു വശത്ത് വിക്കറ്റുകള്‍ നഷ്ടമാകുമ്പോളും മറുവശത്ത് ശുഭ്മന്‍ ഗിൽ നങ്കൂരമിട്ട് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. കെഎൽ രാഹുല്‍(19), സൂര്യകുമാര്‍ യാദവ്(26) എന്നിവരെ കൂട്ടുപിടിച്ച് ഇന്ത്യയുടെ തിരിച്ചുവരവിന് അരങ്ങൊരുക്കുവാന്‍ ഗിൽ ശ്രമിച്ചപ്പോളും സഹ താരങ്ങളിൽ നിന്ന് വേണ്ടത്ര പിന്തുണ താരത്തിന് ലഭിച്ചില്ല.

121 റൺസ് നേടിയാണ് ഗിൽ പുറത്തായത്. ഗിൽ പുറത്താകുമ്പോള്‍ ഇന്ത്യ 209/7 എന് നിലയിലായിരുന്നു. എട്ടാം വിക്കറ്റിൽ അക്സര്‍ പട്ടേൽ – ശര്‍ദ്ധുൽ താക്കൂര്‍ സഖ്യം ബാറ്റ് വീശി ലക്ഷ്യം മൂന്നോവറിൽ 31 റൺസാക്കി മാറ്റിയപ്പോള്‍ 48ാം ഓവറിൽ മെഹ്ദി ഹസനെ ഓവറിലെ അവസാന പന്തുകളിൽ ബൗണ്ടറിയും സിക്സും പറത്തി അക്സര്‍ വിജയത്തിനടുത്തെത്തിച്ചു. ഇതോടെ ലക്ഷ്യം 12 പന്തിൽ 17 ആയി കുറഞ്ഞു.

49ാം ഓവറിലെ ആദ്യ പന്തിൽ മുസ്തഫിസുര്‍ ശര്‍ദ്ധുൽ താക്കൂറിനെ പുറത്താക്കിയപ്പോള്‍ അക്സര്‍ പട്ടേല്‍ ഒരു ബൗണ്ടറി നേടിയെങ്കിലും തൊട്ടടുത്ത പന്തിൽ 42 റൺസ് നേടിയ താരത്തെയും മുസ്തഫിസുര്‍ വീഴ്ത്തി. ഒരു വിക്കറ്റ് മാത്രം അവശേഷിക്കുമ്പോള്‍ അവസാന ഓവറിൽ ഇന്ത്യ 12 റൺസായിരുന്നു നേടേണ്ടിയിരുന്നത്.

ഇന്ത്യയുടെ ഇന്നിംഗ്സ് 49.5 ഓവറിൽ അവസാനിക്കുമ്പോള്‍ 6 റൺസിന്റെ വിജയം ആണ് ബംഗ്ലാദേശ് നേടിയത്. ടീമിനായി മുസ്തഫിസുര്‍ റഹ്മാന്‍ മൂന്നും ഷാക്കിബ് അൽ ഹസന്‍ രണ്ടും വിക്കറ്റ് നേടി. മഹേദി ഹസന് 2 വിക്കറ്റ് ലഭിച്ചു.

സൂപ്പര്‍ 4ൽ സമ്പൂര്‍ണ്ണ വിജയത്തിനായി ഇന്ത്യ നേടേണ്ടത് 266 റൺസ്

ഇന്ത്യയ്ക്കെതിരെ സൂപ്പര്‍ 4ലെ അപ്രസക്തമായ മത്സരത്തിൽ ബംഗ്ലാദേശിന് 265 റൺസ്. എട്ട് വിക്കറ്റ് നഷ്ടത്തിൽ ടീം ഈ സ്കോര്‍ നേടിയപ്പോള്‍ ഷാക്കിബ് അൽ ഹസന്‍ 80 റൺസുമായി ടോപ് സ്കോറര്‍ ആയി. തൗഹിദ് ഹൃദോയ് 54 റൺസും നസും അഹമ്മദ് 44 റൺസും ആണ് ബംഗ്ലാദേശിനായി നേടിയത്. മത്സരത്തിൽ ഇന്ത്യയ്ക്കായി ശര്‍ദ്ധുൽ താക്കൂര്‍ മൂന്നും മൊഹമ്മദ് ഷമി രണ്ടും വിക്കറ്റ് നേടി.

59/4 എന്ന നിലയിലേക്ക് വീണ ബംഗ്ലാദേശിനെ ഷാക്കിബ് അൽ ഹസനും തൗഹിദ് ഹൃദോയിയും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ 101 റൺസ് നേടിയാണ് മുന്നോട്ട് നയിച്ചത്. എന്നാൽ ഷാക്കിബിനെ താക്കൂര്‍ പുറത്താക്കിയ ശേഷം അധികം വൈകാതെ തൗഹിദും പുറത്തായപ്പോള്‍ ബംഗ്ലാദേശ് 193/7 എന്ന നിലയിലായി. അവിടെ നിന്ന് നസും അഹമ്മദ് – മെഹ്ദി ഹസന്‍ കൂട്ടുകെട്ടാണ് ബംഗ്ലാദേശ് സ്കോറിന് മാന്യത പകര്‍ന്നത്. മെഹ്ദി 29 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ തന്‍സിം ഹസന്‍ ഷാക്കിബും അവസാന ഓവറുകളിൽ 14 റൺസിന്റെ നിര്‍ണ്ണായക സംഭാവന നൽകി.

ഒട്ടനവധി പ്രധാന താരങ്ങള്‍ക്ക് വിശ്രമം നൽകി ഇറങ്ങിയ ഇന്ത്യ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയും ശ്രീലങ്കയും ഞായറാഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിന് നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു.

“മുഹമ്മദ് ഷമിയെ പോലെ ഒരു താരത്തെ പുറത്ത് ഇരുത്തുന്നത് എളുപ്പമല്ല” – ഇന്ത്യൻ ബൗളിംഗ് കോച്ച്

ഇന്ത്യൻ ടീമിന്റെ ബൗളിംഗ് ഇപ്പോൾ പൂർണ്ണ ശക്തിയിൽ ആണെന്നും ഷമി പോലൊരു താരം പുറത്തിരിക്കുന്നത് അതാണ് കാണിക്കുന്നത് എന്നും ഇന്ത്യൻ ബൗളിംഗ് കോച്ച് പാരസ് മാമ്പ്രെ പറഞ്ഞു.

“ഇപ്പോൾ, ഞങ്ങൾക്ക് നാല് നിലവാരമുള്ള ബൗളർമാർ ഉണ്ട്, ആ ഓപ്ഷനുകൾ ഉണ്ടായിരിക്കുന്നത് എല്ലായ്പ്പോഴും മികച്ചതാണ്. കൂടുതൽ ടാലന്റുകൾ ഉള്ള പ്രശ്നം എല്ലായ്പ്പോഴും നല്ലതാണ്,” വെള്ളിയാഴ്ച ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ അവസാന സൂപ്പർ 4 മത്സരത്തിന് മുമ്പ് മാംബ്രെ പറഞ്ഞു.

“ഷമിയെപ്പോലെ ഒരാളെ ഒഴിവാക്കുക അത്ര എളുപ്പമല്ല. അദ്ദേഹത്തിനുള്ള അനുഭവവും രാജ്യത്തിന് വേണ്ടി അദ്ദേഹം ചെയ്ത പ്രകടനവും അസാമാന്യമാണ്. ഒരു കളിക്കാരനെ ഉപേക്ഷിക്കുന്നത്) ഒരിക്കലും എളുപ്പമല്ല, ”അദ്ദേഹം പറഞ്ഞു. എന്നാൽ കളിക്കാർക്ക് ഒരോ തീരുമാനവും ടീമിനു വേണ്ടിയാണ് എന്ന് അറിയാം എന്നും കോച്ച് പറഞ്ഞു.

“നന്നായി തുടങ്ങി, നന്നായി അവസാനിപ്പിച്ചു, ഇതിനിടയിൽ പതറി” – ബാബർ അസം

ഏഷ്യ കപ്പിൽ ശ്രീലങ്കയോട് ഏറ്റ പരാജയത്തിന് കാരണം മധ്യ ഓവറുകളിലെ മോശം ബൗളിംഗ് ആണെന്ന് പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം. ബൗളിംഗിലും ഫീൽഡിംഗിലും ഞങ്ങൾ മികച്ച പ്രകടനം നടത്തിയിട്ടില്ല. മധ്യ ഓവറുകളിൽ ഞങ്ങൾ നന്നായി ബൗൾ ചെയ്തില്ല. അതുകൊണ്ടാണ് മത്സരം തോറ്റത്. ബാബർ പറഞ്ഞു. ശ്രീലങ്കയോട് അവസാന പന്തിൽ ആയിരുന്നു പാകിസ്താൻ തോറ്റത്.

“ശ്രീലങ്ക ഇന്നിംഗ്സിന്റെ മധ്യത്തിൽ സൃഷ്ടിച്ച കൂട്ടുകെട്ട് ഞങ്ങൾക്ക് പ്രശ്നമായി. ഞങ്ങൾ നന്നായി തുടങ്ങി, നന്നായി കൾ അവസാനിപ്പിച്ചു, പക്ഷേ മധ്യ ഓവറുകൾ മികച്ചതായിരുന്നില്ല. ഞങ്ങൾക്ക് അതാണ് വിനയായത്” ബാബർ കൂട്ടിച്ചേർത്തു.

“ശ്രീലങ്ക വളരെ നന്നായി കളിച്ചു, ഞങ്ങളെക്കാൾ മികച്ച ക്രിക്കറ്റ് അവർ പുറത്തെടുത്തു,” ബാബർ മത്സരത്തിന് ശേഷമുള്ള ചടങ്ങിൽ പറഞ്ഞു.

ഏഷ്യാ കപ്പ് ഫൈനലിൽ ഒരു ഇന്ത്യ പാകിസ്താൻ പോരാട്ടം കാണാൻ ഇനിയും കാത്തിരിക്കണം

ഇന്ത്യയും പാകിസ്താനും ഏഷ്യയിൽ ക്രിക്കറ്റിൽ രണ്ട് വലിയ ശക്തികൾ ആണെങ്കിലും ഇതുവരെ ഇന്ത്യയും പാകിസ്താനും ഏഷ്യാ കപ്പ് ഫൈനലിൽ നേർക്കുനേർ വന്നിട്ടില്ല. ഇന്ന് കൊളംബോയിൽ ശ്രീലങ്കയീട് തോറ്റതോടെ ഇന്ത്യയും പാകിസ്ഥാൻ തമ്മിലുള്ള ആദ്യ ഏഷ്യാ കപ്പ് ഫൈനലിനായുള്ള കാത്തിരിപ്പ് ഇനിയും തുടരും എന്ന് ഉറപ്പായി. ഞായറാഴ്ച നടക്കുന്ന ഈ ഏഷ്യാ കപ്പിന്റെ ഫൈനലിൽ ശ്രീലങ്കയാകും ഇന്ത്യയുടെ എതിരാളികൾ.

ഏഷ്യാ കപ്പിന്റെ ഏകദിന ഫോർമാറ്റിൽ ഇന്ത്യയും പാകിസ്താനും ഇതിനു മുമ്പ് 15 തവണ മുഖാമുഖം വന്നിട്ടുണ്ട്. പക്ഷെ ഒന്നും ഫൈനലിൽ ആയിരുന്നില്ല. എഷ്യാ കപ്പിൽ ഇതുവരെ പരസ്പരം ഏറ്റുമുട്ടിയപ്പോൾ 8 എണ്ണത്തിൽ ഇന്ത്യയും 5 എണ്ണം പാകിസ്ഥാനും വിജയിച്ചു. രണ്ട് മത്സരങ്ങൾ ഫലമില്ലാതെ അവസാനിച്ചു. ഈ എഡിഷനിൽ രൺ തവണ കളിച്ചപ്പോൾ ഒരു കളി മഴ കൊണ്ടുപോയി. മറ്റൊരു മത്സരത്തിൽ ഇന്ത്യ ചരിത്ര വിജയം നേടുകയും ചെയ്തു.

ഏഷ്യാ കപ്പിൽ ഇതുവരെ ഇന്ത്യ ഏഴ് കിരീടങ്ങൾ നേടിയിട്ടുണ്ട്. അതിന്റെ കൂടെ ഒരു കിരീടം കൂടെ ചേർക്കുക ആകും ഇന്ത്യ ഫൈനലിൽ ശ്രീലങ്കയെ നേരിടുമ്പോൾ ലക്ഷ്യമിടുക.

അവസാന പന്തിൽ ജയിച്ച് ശ്രീലങ്ക ഫൈനലിൽ, പാകിസ്താന്റെ ഇന്ത്യക്ക് എതിരായ ഫൈനൽ സ്വപ്നം പൊലിഞ്ഞു

ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്ക ഇന്ത്യയുടെ എതിരാളികൾ ആകും‌. ഇന്ന് നടന്ന ആവേശകരമായ സൂപ്പർ 4 പോരാട്ടത്തിൽ 2 വിക്കറ്റിനായിരുന്നു ശ്രീലങ്കയുടെ വിജയം. മഴ കാരണം 42 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത പാകിസ്താൻ 252/7 എന്ന സ്കോർ ആയിരുന്നു ഉയർത്തിയത്‌. പാകിസ്താനായി 73 പന്തിൽ നിന്ന് 86 റൺസ് എടുത്ത് പുറത്താകാതെ നിന്ന റിസുവാൻ ടോപ് സ്കോറർ ആയി.

40 പന്തിൽ നിന്ന് 47 റൺസ് എടുത്ത ഇഫ്തിഖാർ അഹ്മദും 52 റൺസ് എടുത്ത ഷഫീഖും പാകിസ്താനെ മികച്ച സ്കോറിലേക്ക് എത്താൻ സഹായിച്ചു. ശ്രീലങ്കയ്ക്ക് ആയി മഹീഷ് പതിരണ മൂന്ന് വിക്കറ്റും മധുഷൻ 2 വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്ക മികച്ച രീതിയിലാണ് കളിച്ചത്. 29 റൺസ് എടുത്ത് നിസാങ്കയും 17 റൺസ് എടുത്ത കുശാൽ പെരേരയും ഭേദപ്പെട്ട തുടക്കം നൽകി. കുശാൽ മെൻഡിസിന്റെയും സമരവിക്രമയുടെയും കൂട്ടുകെട്ട് ശ്രീലങ്കയെ ലക്ഷ്യത്തിലേക്ക് അടുപ്പിച്ചു. കുശാൽ മെൻഡിസ് 87 പന്തിൽ 91 റൺസ് എടുത്താണ് പുറത്തായത്. സമരവിക്രമ 51 പന്തിൽ നിന്ന് 48 എടുത്തും പുറത്തായി.

ഇത് അവസാന ഓവറുകളിൽ കളി ആവേശകരമാക്കി. അസലങ്കയും ശനകയ്ക്കും അവസാനം 5 ഓവറിൽ 33 റൺസ് ജയിക്കാൻ വേണ്ടിയിരുന്നു. 38ആം ഓവറിൽ ഷനകയുടെ വിക്കറ്റ് ഇഫ്തിഖാർ വീഴ്ത്തി. ജയിക്കാൻ 4 ഓവറിൽ 28 റൺസ് എന്നായി. ഷഹീൻ അഫ്രീദി എറിഞ്ഞ 38ആം ഓവറിൽ 8 റൺസ് വന്നു. ജയിക്കൻ 3 ഓവറിൽ 20 റൺസ്.

അസലങ്കയും ധനഞ്ചയ ഡി സിൽവയും ചേർന്ന് സമാന്റെ ഓവറിലും 8 റൺസ് അടിച്ചു. പിന്നെ ജയിക്കാൻ 12 പന്തിൽ നിന്ന് 12 റൺസ്. 41ആം ഓവർ എറിയാൻ വന്നത് ഷഹീൻ അഫ്രീദി. ഷഹീൻ ധനഞ്ചയെയും വെല്ലലാഗെയെയും തുടർച്ചയായ പന്തുകളിൽ പുറത്താക്കി. വിട്ടു കൊടുത്തത് വെറും 4 റൺസ്. അവസാന ഓവറിൽ ശ്രീലങ്കക്ക് ജയിക്കാൻ 8 റൺസ്.

അവസാന ഓവർ എറിഞ്ഞത് സമാൻ ഖാൻ. ആദ്യ പന്തിൽ മധുഷൻ സിങ്കിൾ എടുത്തു. പിന്നെ കാര്യങ്ങൾ അസലങ്കയുടെ കയ്യിൽ. രണ്ടാം പന്ത് അസലങ്ക മിസ് ചെയ്തു. ജയിക്കാൻ 4 പന്തിൽ 7 റൺസ്. അടുത്ത പന്തിൽ ഒരു റൺ മാത്രം. 3 പന്തിൽ 6. അടുത്ത പന്തിൽ റൺ ഇല്ല. ഒപ്പം റണ്ണൗട്ടും. 2 പന്തിൽ നിന്ന് 6 റൺ. ഒരു എഡ്ജിൽ അസലനയുടെ ഷോട്ട് ബൗണ്ടറിയിൽ. ജയിക്കാൻ 1 പന്തിൽ നിന്ന് 2 റൺ. അസലങ്ക ലെഗ് സൈഡിലേക്ക് പന്ത് തട്ടി വിജയ റൺ ഓടിയെടുത്തു. 50 റൺസ് എടുത്ത് അസലങ്ക പുറത്താകാതെ വിജയം ഉറപ്പിച്ചു‌

ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയെ ആകും ശ്രീലങ്ക നേരിടുക. ഇന്ത്യ അതിനു മുമ്പ് നാളെ സൂപ്പർ 4ലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെ നേരിടും.

പാക്കിസ്ഥാന്റെ രക്ഷയ്ക്കെത്തി ആറാം വിക്കറ്റ് കൂട്ടുകെട്ട്, ശ്രീലങ്കയ്ക്കെതിരെ 252 റൺസ്

ഏഷ്യ കപ്പിലെ നിര്‍ണ്ണായകമായ സൂപ്പര്‍ 4 മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ 252 റൺസ്  നേടി പാക്കിസ്ഥാന്‍. ആറാം വിക്കറ്റിൽ മൊഹമ്മദ് റിസ്വാനും ഇഫ്തിക്കര്‍ അഹമ്മദും ചേര്‍ന്ന് ശ്രീലങ്കന്‍ ബൗളിംഗിനെതിരെ അനായാസം ബാറ്റ് വീശിയാണ് 42 ഓവറിൽ പാക്കിസ്ഥാനെ ഈ സ്കോറിലേക്ക് എത്തിച്ചത്.

മഴ കാരണം 45 ഓവറായി ചുരുക്കിയ മത്സരത്തിൽ വീണ്ടും മഴ തടസ്സം സൃഷ്ടിച്ചപ്പോള്‍ മത്സരം 42 ഓവറായി ചുരുക്കി. ** ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാന്‍ 252 റൺസ് നേടിയപ്പോള്‍ മൊഹമ്മദ് റിസ്വാന്റെ തകര്‍പ്പന്‍ പ്രകടനം ആണ് ടീമിനെ മുന്നോട്ട് നയിച്ചത്. 52 റൺസ് നേടിയ ഓപ്പണര്‍ അബ്ദുള്ള ഷഫീക്ക് ആണ് ടീമിന്റെ മറ്റൊരു പ്രധാന സ്കോറര്‍.

ബാബര്‍ അസം 29 റൺസ് നേടിയപ്പോള്‍ മൊഹമ്മദ് റിസ്വാന്‍ 86 റൺസുമായി ചെറുത്ത്നില്പുയര്‍ത്തിയാണ് പാക് സ്കോറിന് മാന്യത പകര്‍ന്നത്. 130/5 എന്ന നിലയിലേക്ക് വീണ പാക്കിസ്ഥാനെ മൊഹമ്മദ് റിസ്വാന്‍ – ഇഫ്തിക്കര്‍ അഹമ്മദ് കൂട്ടുകെട്ട് ആറാം വിക്കറ്റിൽ 108 റൺസ് നേടി മുന്നോട്ട് നയിച്ചു. 47 റൺസ് നേടിയ ഇഫ്തിക്കര്‍ അഹമ്മദിനെ പുറത്താക്കി പതിരാനയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.

ശ്രീലങ്കയ്ക്കായി മതീഷ പതിരാന 3 വിക്കറ്റ് നേടി. പ്രമോദ് മധുഷന്‍ 2 വിക്കറ്റും നേടി.

 

മഴ നിന്നു, പാകിസ്താന് ടോസ്, മത്സരം 45 ഓവർ മാത്രം

ഏഷ്യാ കപ്പിലെ നിർണായക മത്സരത്തിൽ പാകിസ്താൻ ഇന്ന് ശ്രീലങ്കയെ നേരിടുകയാണ്. മഴ കാരണം വൈകിയ മത്സരത്തിൽ ഇപ്പോൾ പാകിസ്താന് ടോസ് ലഭിച്ചു. അവർ ആദ്യം ബാറ്റു ചെയ്യും. മഴ കാരണം രണ്ടു മണിക്കൂർ നഷ്ടപ്പെട്ടതിനാൽ കളിയിൽ ഒരു ടീമിന് 45 ഓവർ മാത്രമേ ഉണ്ടാകൂ. ഇന്ന് വിജയിക്കുന്നവർ ഏഷ്യാ കപ്പ് ഫൈനലിലേക്ക് എത്തും.

Sri Lanka XI – Pathum Nissanka, Kusal Perera, Kusal Mendis(w), Sadeera Samarawickrama, Charith Asalanka, Dhananjaya de Silva, Dasun Shanaka(c), Dunith Wellalage, Maheesh Theekshana, Pramod Madushan, Matheesha Pathirana

🇵🇰 (Playing XI): Fakhar Zaman, Abdullah Shafique, Babar Azam (c), Mohammad Rizwan (wk), Mohammad Haris, Iftikhar Ahmed, Shadab Khan, Mohammad Nawaz, Shaheen Afridi, Mohammad Wasim Jr, Zaman Khan

ശ്രേയസ് അയ്യർ പരിശീലനം പുനരാരംഭിച്ചു

പരിക്ക് കാരണം അവസാന രണ്ടു മത്സരങ്ങളിലും കളിക്കാതിരുന്ന ശ്രേയസ് പരിശീലനം പുനരാരംഭിച്ചു. ഇന്ന് ഇന്ത്യൻ ടീമിനൊപ്പം ബെറ്റ്സ് ശ്രേയസ് അയ്യർ പരിശീലനം നടത്തി. താരം നാളെ നടക്കുന്ന ബംഗ്ലാദേശിന് എതിരായ ഇന്ത്യയുടെ മത്സരത്തിൽ കളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌. പാകിസ്താനെതിരായ മത്സരത്തിന് തൊട്ടുമുമ്പ് ആയിരുന്നു ശ്രേയസിന് പരിക്കേറ്റത്.

പരിക്ക് കാരണം ശ്രേയസ് ആ മത്സരവും ശ്രീലങ്കയ്ക്ക് എതിരായ മത്സരവും കളിച്ചില്ല. പകരം കെ എൽ രാഹുൽ ടീമിലേക്ക് എത്തി. രാഹുൽ ആ രണ്ടു മത്സരങ്ങളിൽ നല്ല പ്രകടനവും നടത്തി. അതുകൊണ്ട് തന്നെ ഫിറ്റ്നാസ് വീണ്ടെടുത്താലും ഏഷ്യാ കപ്പ് ഫൈനലിൽ ശ്രേയസിന് അവസരം കിട്ടാൻ സാധ്യത കുറവാണ്‌. രാഹുലും ഇഷൻ കിഷനും നല്ല ഫോമിൽ ആയതിനാൽ ശ്രേയസ് പുറത്തിരിക്കേണ്ടി വരും. എന്നാൽ നാളെ ബംഗ്ലാദേശിന് എതിരെ പല താരങ്ങൾക്കും ഇന്ത്യ വിശ്രമം നൽകാൻ ശ്രമിക്കും. അതുകൊണ്ട് നാളെ ശ്രേയസിന് അവസരം ലഭിച്ചേക്കും.

ഇന്ന് മഴ വില്ലനായാൽ ഇന്ത്യ ഫൈനലിൽ ആരെ നേരിടും!

ഏഷ്യാ കപ്പിൽ ഇന്ന് സെമി ഫൈനലിന് സമാനമായ പോരാട്ടമാണ്. ശ്രീലങ്കയും പാകിസ്താനും നേർക്കുനേർ വരുന്നു. ഇന്ന് വിജയിക്കുന്നവർക്ക് ഫൈനലിൽ ഇന്ത്യയെ നേരിടാം‌. എന്ന് ശ്രീലങ്കയിൽ നടക്കുന്ന ഇന്നത്തെ പോരാട്ടത്തിനും മഴയുടെ ഭീഷണിയുണ്ട്. അതുകൊണ്ട് തന്നെ കളി നടക്കാതിരിക്കാനുള്ള സാധ്യതയും ഉണ്ട്. ഈ മത്സരത്തിന് റിസേർവ് ഡേ ഇല്ല. അഥവാ മഴ പെയ്തു മത്സരം നടക്കാതെ ആയാൽ ഇരു ടീമുകൾക്കും ഒരോ പോയിന്റ് വീതം ലഭിക്കും.

അങ്ങനെ വന്നാൽ ശ്രീലങ്കയാകും ഫൈനലിലേക്ക് മുന്നേറുക. ഇപ്പോൾ പാകിസ്താനും ശ്രീലങ്കയ്ക്കും 2 പോയിന്റ് വീതമാണ് ഉള്ളത്. എന്നാൽ മികച്ച നെറ്റ് റൺറേറ്റ് ശ്രീലങ്കയ്ക്ക് ആണ്. ശ്രീലങ്കയുടെ റൺസ് റേറ്റ് -0.200 ആണ്. പാകിസ്താന്റെ ആകട്ടെ -1.89ഉമാണ്. ഇന്ത്യയോട് ഏറ്റ വലിയ പരാജയം ആണ് പാകിസ്താന്റെ റൺറേറ്റിനെ ബാധിച്ചത്. ചുരുക്കി പറഞ്ഞാൽ മഴ പെയ്താൽ ഇന്ത്യ പാകിസ്താൻ സ്വഒന ഫൈനൽ നടക്കില്ല. പാകിസ്താനും ഇന്ത്യയും ചരിത്രത്തിൽ ഇതുവരെ ഏഷ്യാ കപ്പ് ഫൈനലിൽ ഏറ്റുമുട്ടിയിട്ടില്ല.

Exit mobile version