Indban

സൂപ്പര്‍ 4ൽ സമ്പൂര്‍ണ്ണ വിജയത്തിനായി ഇന്ത്യ നേടേണ്ടത് 266 റൺസ്

ഇന്ത്യയ്ക്കെതിരെ സൂപ്പര്‍ 4ലെ അപ്രസക്തമായ മത്സരത്തിൽ ബംഗ്ലാദേശിന് 265 റൺസ്. എട്ട് വിക്കറ്റ് നഷ്ടത്തിൽ ടീം ഈ സ്കോര്‍ നേടിയപ്പോള്‍ ഷാക്കിബ് അൽ ഹസന്‍ 80 റൺസുമായി ടോപ് സ്കോറര്‍ ആയി. തൗഹിദ് ഹൃദോയ് 54 റൺസും നസും അഹമ്മദ് 44 റൺസും ആണ് ബംഗ്ലാദേശിനായി നേടിയത്. മത്സരത്തിൽ ഇന്ത്യയ്ക്കായി ശര്‍ദ്ധുൽ താക്കൂര്‍ മൂന്നും മൊഹമ്മദ് ഷമി രണ്ടും വിക്കറ്റ് നേടി.

59/4 എന്ന നിലയിലേക്ക് വീണ ബംഗ്ലാദേശിനെ ഷാക്കിബ് അൽ ഹസനും തൗഹിദ് ഹൃദോയിയും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ 101 റൺസ് നേടിയാണ് മുന്നോട്ട് നയിച്ചത്. എന്നാൽ ഷാക്കിബിനെ താക്കൂര്‍ പുറത്താക്കിയ ശേഷം അധികം വൈകാതെ തൗഹിദും പുറത്തായപ്പോള്‍ ബംഗ്ലാദേശ് 193/7 എന്ന നിലയിലായി. അവിടെ നിന്ന് നസും അഹമ്മദ് – മെഹ്ദി ഹസന്‍ കൂട്ടുകെട്ടാണ് ബംഗ്ലാദേശ് സ്കോറിന് മാന്യത പകര്‍ന്നത്. മെഹ്ദി 29 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ തന്‍സിം ഹസന്‍ ഷാക്കിബും അവസാന ഓവറുകളിൽ 14 റൺസിന്റെ നിര്‍ണ്ണായക സംഭാവന നൽകി.

ഒട്ടനവധി പ്രധാന താരങ്ങള്‍ക്ക് വിശ്രമം നൽകി ഇറങ്ങിയ ഇന്ത്യ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയും ശ്രീലങ്കയും ഞായറാഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിന് നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു.

Exit mobile version