Picsart 23 09 15 01 11 14 991

അവസാന പന്തിൽ ജയിച്ച് ശ്രീലങ്ക ഫൈനലിൽ, പാകിസ്താന്റെ ഇന്ത്യക്ക് എതിരായ ഫൈനൽ സ്വപ്നം പൊലിഞ്ഞു

ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്ക ഇന്ത്യയുടെ എതിരാളികൾ ആകും‌. ഇന്ന് നടന്ന ആവേശകരമായ സൂപ്പർ 4 പോരാട്ടത്തിൽ 2 വിക്കറ്റിനായിരുന്നു ശ്രീലങ്കയുടെ വിജയം. മഴ കാരണം 42 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത പാകിസ്താൻ 252/7 എന്ന സ്കോർ ആയിരുന്നു ഉയർത്തിയത്‌. പാകിസ്താനായി 73 പന്തിൽ നിന്ന് 86 റൺസ് എടുത്ത് പുറത്താകാതെ നിന്ന റിസുവാൻ ടോപ് സ്കോറർ ആയി.

40 പന്തിൽ നിന്ന് 47 റൺസ് എടുത്ത ഇഫ്തിഖാർ അഹ്മദും 52 റൺസ് എടുത്ത ഷഫീഖും പാകിസ്താനെ മികച്ച സ്കോറിലേക്ക് എത്താൻ സഹായിച്ചു. ശ്രീലങ്കയ്ക്ക് ആയി മഹീഷ് പതിരണ മൂന്ന് വിക്കറ്റും മധുഷൻ 2 വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്ക മികച്ച രീതിയിലാണ് കളിച്ചത്. 29 റൺസ് എടുത്ത് നിസാങ്കയും 17 റൺസ് എടുത്ത കുശാൽ പെരേരയും ഭേദപ്പെട്ട തുടക്കം നൽകി. കുശാൽ മെൻഡിസിന്റെയും സമരവിക്രമയുടെയും കൂട്ടുകെട്ട് ശ്രീലങ്കയെ ലക്ഷ്യത്തിലേക്ക് അടുപ്പിച്ചു. കുശാൽ മെൻഡിസ് 87 പന്തിൽ 91 റൺസ് എടുത്താണ് പുറത്തായത്. സമരവിക്രമ 51 പന്തിൽ നിന്ന് 48 എടുത്തും പുറത്തായി.

ഇത് അവസാന ഓവറുകളിൽ കളി ആവേശകരമാക്കി. അസലങ്കയും ശനകയ്ക്കും അവസാനം 5 ഓവറിൽ 33 റൺസ് ജയിക്കാൻ വേണ്ടിയിരുന്നു. 38ആം ഓവറിൽ ഷനകയുടെ വിക്കറ്റ് ഇഫ്തിഖാർ വീഴ്ത്തി. ജയിക്കാൻ 4 ഓവറിൽ 28 റൺസ് എന്നായി. ഷഹീൻ അഫ്രീദി എറിഞ്ഞ 38ആം ഓവറിൽ 8 റൺസ് വന്നു. ജയിക്കൻ 3 ഓവറിൽ 20 റൺസ്.

അസലങ്കയും ധനഞ്ചയ ഡി സിൽവയും ചേർന്ന് സമാന്റെ ഓവറിലും 8 റൺസ് അടിച്ചു. പിന്നെ ജയിക്കാൻ 12 പന്തിൽ നിന്ന് 12 റൺസ്. 41ആം ഓവർ എറിയാൻ വന്നത് ഷഹീൻ അഫ്രീദി. ഷഹീൻ ധനഞ്ചയെയും വെല്ലലാഗെയെയും തുടർച്ചയായ പന്തുകളിൽ പുറത്താക്കി. വിട്ടു കൊടുത്തത് വെറും 4 റൺസ്. അവസാന ഓവറിൽ ശ്രീലങ്കക്ക് ജയിക്കാൻ 8 റൺസ്.

അവസാന ഓവർ എറിഞ്ഞത് സമാൻ ഖാൻ. ആദ്യ പന്തിൽ മധുഷൻ സിങ്കിൾ എടുത്തു. പിന്നെ കാര്യങ്ങൾ അസലങ്കയുടെ കയ്യിൽ. രണ്ടാം പന്ത് അസലങ്ക മിസ് ചെയ്തു. ജയിക്കാൻ 4 പന്തിൽ 7 റൺസ്. അടുത്ത പന്തിൽ ഒരു റൺ മാത്രം. 3 പന്തിൽ 6. അടുത്ത പന്തിൽ റൺ ഇല്ല. ഒപ്പം റണ്ണൗട്ടും. 2 പന്തിൽ നിന്ന് 6 റൺ. ഒരു എഡ്ജിൽ അസലനയുടെ ഷോട്ട് ബൗണ്ടറിയിൽ. ജയിക്കാൻ 1 പന്തിൽ നിന്ന് 2 റൺ. അസലങ്ക ലെഗ് സൈഡിലേക്ക് പന്ത് തട്ടി വിജയ റൺ ഓടിയെടുത്തു. 50 റൺസ് എടുത്ത് അസലങ്ക പുറത്താകാതെ വിജയം ഉറപ്പിച്ചു‌

ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയെ ആകും ശ്രീലങ്ക നേരിടുക. ഇന്ത്യ അതിനു മുമ്പ് നാളെ സൂപ്പർ 4ലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെ നേരിടും.

Exit mobile version