തെറ്റുകള്‍ ആര്‍ക്കും സംഭവിക്കാം, എന്റെ ആദ്യ ചാമ്പ്യന്‍സ് ട്രോഫിയിൽ ഞാന്‍ അഫ്രീദിയുടെ ക്യാച്ച് വിട്ടിരുന്നു – വിരാട് കോഹ്‍ലി

Sports Correspondent

ക്രിക്കറ്റിൽ ക്യാച്ചുകള്‍ കൈവിടുന്നത് സ്വാഭാവികം ആണെന്നും ആര്‍ക്കും പറ്റി പോകാവുന്ന പിഴവുകള്‍ ആണ് ഇതെന്നും പറഞ്ഞ് വിരാട് കോഹ്‍ലി. ഇന്നലെ പാക്കിസ്ഥാനെതിരെയുള്ള ഏഷ്യ കപ്പ് മത്സരത്തിൽ നിര്‍ണ്ണായകമായ ഒരു ക്യാച്ച് അര്‍ഷ്ദീപ് സിംഗ് കൈവിട്ടിരുന്നു. അതിന് ശേഷം ആസിഫ് അലി 8 പന്തിൽ 16 റൺസ് നേടി നിര്‍ണ്ണായകമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് പാക്കിസ്ഥാന്റെ വിജയത്തിന് കാരണക്കാരനായി.

ഇതിന് ശേഷം അര്‍ഷ്ദീപിനെതിരെ വിമര്‍ശനങ്ങളും ഖാലിസ്ഥാനി വിളികളുമായി സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയരുകയായിരുന്നു. ഇപ്പോള്‍ വിരാട് കോഹ്‍ലി തന്റെ അനുഭവം പങ്കുവെച്ച് മുന്നോട്ട് വന്നു.

തന്റെ ആദ്യ ചാമ്പ്യന്‍സ് ട്രോഫിയിൽ താന്‍ ഷാഹിദ് അഫ്രീദിയുടെ ക്യാച്ച് കൈവിട്ടിരുന്നുവെന്നും അത്തരം വീഴ്ചകള്‍ ആര്‍ക്കും സംഭവിക്കാമെന്നും വിരാട് വ്യക്തമാക്കി.