ഏഷ്യ കപ്പിൽ ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള നിര്‍ണ്ണായകമായ മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ന് ജയിക്കുന്നവര്‍ക്ക് സൂപ്പര്‍ 4ല്‍ സ്ഥാനം ഉറപ്പിക്കാം. ഇരു ടീമുകളും അഫ്ഗാനിസ്ഥാനോട് തോൽവിയേറ്റ് വാങ്ങിയപ്പോള്‍ പരസ്പരം വാക്ക് പോരിൽ ഏര്‍പ്പെട്ടാണ് പിന്നീടുള്ള ദിവസങ്ങളിൽ ശ്രീലങ്കയും അതിന് മറുപടിയുമായി ബംഗ്ലാദേശും എത്തിയത്.
അഫ്ഗാനിസ്ഥാനെതിരെയുള്ള തോൽവിയ്ക്ക് ശേഷം ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനക പറഞ്ഞത് ബംഗ്ലാദേശിനെതിരെയുള്ള മത്സരം അഫ്ഗാനിസ്ഥാനെക്കാള്‍ എളുപ്പമുള്ള മത്സരം ആയിരിക്കുമെന്നാണ്. ഇതിന് മറുപടിയുമായി ബംഗ്ലാദേശ് ടീം ഡയക്ടര്‍ ഖാലിദ് മഹമ്മുദ് ശ്രീലങ്കയ്ക്ക് മുന്‍ നിര താരങ്ങളില്ലെന്നാണ് തിരിച്ചടിച്ചത്.
ഇന്ന് വിജയത്തിൽ കുറഞ്ഞൊന്നും ലക്ഷ്യം വെച്ചല്ലാതെ ടീമുകള്‍ ഇറങ്ങുമ്പോള്‍ ഇരു ടീമുകളെയും അലട്ടുന്നത് ബാറ്റിംഗിലെ പോരായ്മകള്‍ ആണ്. അഫ്ഗാനിസ്ഥാനെതിരെ ഇരു ടീമുകളുടെയും ബാറ്റിംഗ് മോശം ആയിരുന്നു.
ഇത് ഏറെക്കാലമായി ഈ രണ്ട് ടീമുകളെയും അലട്ടുന്ന വലിയൊരു പ്രശ്നം തന്നെയാണ്. ബംഗ്ലാദേശ് യുഎഇയിൽ കളിച്ച ആറ് മത്സരങ്ങളിലും തോൽവിയായിരുന്നു ഫലം അതേ സമയം 2014 ഏഷ്യ കപ്പ് ഫൈനലില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയ ശേഷം ശ്രീലങ്ക ഏഷ്യ കപ്പിൽ അഞ്ച് ടി20 മത്സരങ്ങളിലും തോറ്റിട്ടുണ്ട്.
ഏഷ്യ കപ്പിൽ ഇരു ടീമുകളും 12 തവണ ഏറ്റുമുട്ടിയപ്പോള്‍ അതിൽ 4 തവണ മാത്രമാണ് ബംഗ്ലാദേശിന് ജയിക്കാനായത്. 8 മത്സരങ്ങളിൽ തോല്‍വിയായിരുന്നു ഫലം. എന്നാൽ 2016ന് ശേഷം ആണ് ഈ നാല് വിജയങ്ങളും എന്നത് ബംഗ്ലാദേശിന് ആശ്വാസം നൽകുന്ന കാര്യമാണ്.