ഇംഗ്ലണ്ടിൽ ആഷസ് ജയിക്കുകയെന്നത് തന്റെ ബക്കറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്ന കാര്യമാണെന്ന് സ്റ്റീവ് സ്മിത്ത്

ഇംഗ്ലണ്ടിൽ വെച്ച് ആഷസ് കിരീടം നേടുകയെന്നത് തന്റെ ബക്കറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്ന കാര്യമാണെന്ന് ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്. ആഷസ് ടെസ്റ്റിന്റെ നാലാം ടെസ്റ്റിന്റെ അവസാന സെഷനിൽ ഇംഗ്ലണ്ടിനെ 185 റൺസിന് തോൽപ്പിച്ച് ഓസ്ട്രേലിയ ആഷസ് കിരീടം നിലനിർത്തിയിരുന്നു.

ആദ്യ ഇന്നിങ്സിൽ 211 റൺസും രണ്ടാം ഇന്നിങ്സിൽ 82 റൺസും നേടിയ സ്റ്റീവ് സ്മിത്ത് മാൻ ഓഫ് ദി മാച്ച് പുരസ്കാരവും നേടിയിരുന്നു. 2013ലും 2015ലും ഇംഗ്ലണ്ടിൽ വന്ന് ആഷസ് കിരീടം നേടാൻ ഓസ്ട്രേലിയ ശ്രമം നടത്തിയെങ്കിലും ആഷസ് നേടാൻ സാധിച്ചിരുന്നില്ല. ആഷസ് പരമ്പരയിലെ അടുത്ത ടെസ്റ്റും ജയിച്ച് പരമ്പര 3-1ന് സ്വന്തമാക്കാനാണ് ആഗ്രഹമെന്നും സ്മിത്ത് പറഞ്ഞു.

പന്ത് ചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട് ഒരു വർഷം ക്രിക്കറ്റിൽ നിന്ന് വിലക്കിയ സ്മിത്തിന്റെ തിരിച്ച് വരവിലെ ആദ്യ ടെസ്റ്റ് കൂടിയായിരുന്നു ഈ ആഷസ് പരമ്പര. ഈ പരമ്പരയിൽ 5 ഇന്നിംഗ്സ് മാത്രം കളിച്ച സ്മിത്ത് 671 റൺസ് നേടിയിരുന്നു.