ശതകത്തിനരികെ ഖ്വാജ, കൂട്ടായി സ്മിത്ത്

- Advertisement -

സിഡ്നി ടെസ്റ്റില്‍ ഓസ്ട്രേലിയ തിരിച്ചുവരുന്നു. ഇംഗ്ലണ്ടിനെ ആദ്യ ഇന്നിംഗ്സില്‍ 346 റണ്‍സിനു പുറത്താക്കിയ ശേഷം തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ 193/2 എന്ന നിലയിലാണ്. കാമറൂണ്‍ ബാന്‍ക്രോഫ്ടിനെ പൂജ്യത്തിനു നഷ്ടമായ ശേഷം ഡേവിഡ് വാര്‍ണറും ഉസ്മാന്‍ ഖ്വാജയും കൂടിയാണ് ഓസ്ട്രേലിയയുടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ചായയ്ക്ക് തൊട്ടുമുമ്പ് 56 റണ്‍സ് നേടിയ വാര്‍ണറെ പുറത്താക്കിയെങ്കിലും ഖ്വാജയ്ക്കൊപ്പമെത്തിയ സ്മിത്ത് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ രണ്ടാം ദിവസം അവസാനിപ്പിക്കുവാന്‍ സഹായിച്ചു.

91 റണ്‍സുമായി ഖ്വാജയും 44 റണ്‍സ് നേടി സ്മിത്തുമാണ് ക്രീസില്‍ നിലയറുപ്പിച്ചിട്ടുള്ളത്. ഇരുവരും കൂടി മൂന്നാം വിക്കറ്റില്‍ 107 റണ്‍സിന്റെ കൂട്ടുകെട്ട് നേടിയിട്ടുണ്ട് ഇതുവരെ. ജെയിംസ് ആന്‍ഡേഴ്സണ്‍, സ്റ്റുവര്‍ട് ബ്രോഡ് എന്നിവരാണ് വിക്കറ്റ് വേട്ടക്കാര്‍. മൂന്നാം സെഷനില്‍ ഒരു വിക്കറ്റ് പോലും നേടാനാകാതെ പോയതും ഇംഗ്ലണ്ടിനു തിരിച്ചടിയായി. 153 റണ്‍സ് മാത്രം പിന്നിലായി രണ്ടാം ദിവസം അവസാനിപ്പിക്കാനായതും ഓസ്ട്രേലിയയ്ക്ക് ആധിപത്യം നല്‍കുന്നു.

നേരത്തെ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിനു 18 റണ്‍സ് കൂടി നേടുന്നതിനിടയില്‍ ദാവീദ് മലനെ(62) നഷ്ടമായി. മോയിന്‍ അലി(30), ടോം കുറന്‍(39), സ്റ്റുവര്‍ട് ബ്രോഡ്(31) എന്നിവരുടെ ചെറുത്ത് നില്പാണ് 346 റണ്‍സിലേക്ക് ഇംഗ്ലണ്ടിനെ എത്തിച്ചത്. ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിന്‍സ് നാല് വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹാസല്‍വുഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement