“ബെൻ സ്റ്റോക്സ് ക്രിക്കറ്റിലെ സ്പെഷ്യൽ വൺ”

- Advertisement -

ഇംഗ്ലണ്ടിനെ ആഷസിലെ ഐതിഹാസിക വിജയത്തിലേക്ക് നയിച്ച ബെൻ സ്റ്റോക്സ് ക്രിക്കറ്റിലെ സ്പെഷ്യൽ വൺ ആണെന്ന് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം സർ ഇയാൻ ബോതം. ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് ബെൻ സ്റ്റോക്സിന്റെ വിരോചിത പ്രകടനത്തിന്റെ പിൻബലത്തിൽ അവിസ്മരണീയ വിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് ബെൻ സ്റ്റോക്സിനെ പ്രശംസകൊണ്ട് മൂടി ബോതം രംഗത്തെത്തിയത്.

ഇംഗ്ലണ്ടിന് മാത്രമല്ല ക്രിക്കറ്റ് ലോകത്തിന് തന്നെ സ്റ്റോക്സ് വില പിടിച്ച താരമാണെന്നും താരത്തിന്റെ പ്രകടനം ലോകം മുഴുവൻ ക്രിക്കറ്റിനെ വിൽക്കാൻ സാധിക്കുമെന്നും ബോതം പറഞ്ഞു. ഒരു വേള മത്സരവും ആഷസ് കിരീടവും  കൈവിടുമെന്ന് തോന്നിച്ച ഘട്ടത്തിൽ അവസാന വിക്കറ്റിൽ ലീച്ചിനെ കൂട്ടുപിടിച്ചാണ് ബെൻ സ്റ്റോക്സ് ഇംഗ്ലണ്ടിനെ വിജയതീരത്ത് എത്തിച്ചത്.  പുറത്താവാതെ 135 റൺസ് നേടിയ സ്റ്റോക്സ് ലീച്ചുമായി ചേർന്ന് അവസാന വിക്കറ്റിൽ 76 റൺസ് കൂട്ടിച്ചേർത്താണ് ഇംഗ്ലണ്ടിന് അവിശ്വസനീയ ജയം നേടിക്കൊടുത്തത്. അവസാന വിക്കറ്റിൽ സ്റ്റോക്സ് നേരിട്ട 62 പന്തിൽ മൂന്ന് ഫോറും ഏഴ് സിക്‌സും നേടുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിലും സ്റ്റോക്സിന്റെ വിരോചിത പ്രകടനമായിരുന്നു ഇംഗ്ലണ്ടിന് ലോകകപ്പ് കിരീടം നേടിക്കൊടുത്തത്. അന്നും ഒറ്റയാൾ പോരാട്ടം നടത്തിയാണ് സ്റ്റോക്സ് ഇംഗ്ലണ്ടിന് കന്നി ലോകകപ്പ് കിരീടം നേടിക്കൊടുത്തത്.

Advertisement