ആദ്യ ഇന്നിങ്‌സിൽ 90 റൺസിന്റെ നിർണായക ലീഡ് നേടി ഇംഗ്ലണ്ട്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രോഡും വോക്‌സും പൊരുതാൻ ഉറച്ചപ്പോൾ ആദ്യ ഇന്നിങ്‌സിൽ ഇംഗ്ലണ്ടിന് 90 റൺസിന്റെ നിർണായക ലീഡ്. ഓസ്‌ട്രേലിയൻ ബോളർമാരുടെ ക്ഷമ പരിശോധിച്ച ഇരു താരങ്ങളും നന്നായി ബാറ്റ് വീശിയപ്പോൾ പിറന്നത് 65 റൺസിന്റെ 9 വിക്കറ്റ് കൂട്ട്കെട്ട്. എന്നാൽ ഷോട്ട് ബോളുകളിലൂടെ ബ്രോഡിനെ നിരന്തരം പരീക്ഷിച്ച കമ്മിൻസ് ഒടുവിൽ തന്റെ പരിശ്രമത്തിനു ഫലം കണ്ടപ്പോൾ ഓസ്‌ട്രേലിയക്ക് വലിയ ആശ്വാസമായി. 29 റൺസെടുത്ത ബ്രോഡ് പാറ്റിസന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. പിന്നീട് പരിക്കിനെ വകവെക്കാതെ ക്രീസിൽ എത്തിയ ജിമ്മി ആന്റേഴ്‌സനെ ലയോൺ വീഴ്ത്തിയപ്പോൾ ഇംഗ്ലണ്ട് 374 നു പുറത്തായി. 37 റൺസെടുത്ത വോക്‌സ് പുറത്തതാകാതെ നിന്നു. ഇംഗ്ലണ്ട് പുറത്തായതോടെ മൂന്നാം ദിനം ചായക്കും പിരിഞ്ഞു.

ഇതോടെ ആദ്യ ടെസ്റ്റിൽ വളരെ നിർണായകമായ 90 റൺസ് ലീഡ് ആണ് വാലറ്റത്തിന്റെ സഹായത്തോടെ ഇംഗ്ലണ്ട് നേടിയത്. നേരത്തെ റോറി ബേർൺസിന്റെ ആദ്യ ശതകമാണ് ഇംഗ്ലണ്ടിന് നിർണായകമായത്. ഒപ്പം അർദ്ധശതകം നേടിയ ക്യാപ്റ്റൻ ജോ റൂട്ടും ബെൻ സ്റ്റോക്‌സും ഇംഗ്ലീഷ് ഇന്നിങ്സിന് കരുത്തായി. ഓസ്‌ട്രേലിയക്കായി ലയോണും കമ്മിൻസും 3 വീതം വിക്കറ്റ് വീഴ്ത്തിയപ്പോൾ 2 വീതം വിക്കറ്റുകൾ നേടിയ സിഡിലും പാറ്റിസനും തങ്ങളുടെ മികവും കാണിച്ചു. ഓസ്‌ട്രേലിയക്ക് വലിയ ലീഡ് നൽകാതിരിക്കാൻ ആവും ഇംഗ്ലീഷ് ശ്രമം, എന്നാൽ ആദ്യ ഇന്നിങ്സിൽ വെറും 4 ഓവർ എറിഞ്ഞ പരിക്കിലുള്ള ആന്റേഴ്‌സൻ പന്തെറിയുമോ എന്നത് ഇപ്പോഴും വ്യക്തമല്ല. നല്ല ബാറ്റിങിലൂടെ മത്സരം തിരിച്ച് പിടിക്കാൻ ആവും ഓസ്‌ട്രേലിയയുടെ ശ്രമം.