ഇന്ത്യയുടെ കഥ കഴിച്ച് ശ്രീലങ്കയെ ജയത്തിലേക്ക് നയിച്ചത് അസേലയുടെ ഒരോവര്‍

എമേര്‍ജിംഗ് ടീംസ് ഏഷ്യ കപ്പില്‍ ഇന്ത്യയ്ക്കെതിരെ 3 റണ്‍സ് വിജയം നേടുവാന്‍ ശ്രീലങ്കയെ സഹായിച്ചത് അസേല ഗുണരത്നേയുടെ ഓവര്‍. 46 ഓവറുകള്‍ പിന്നിടുമ്പോള്‍ ശ്രീലങ്കയ്ക്കെതിരെ ബാറ്റ് വീശുകയായിരുന്നു ഇന്ത്യ 234/6 എന്ന നിലയിലായിരുന്നു. 24 പന്തില്‍ നിന്ന് 37 റണ്‍സ് നേടേണ്ടിയിരുന്ന ഇന്ത്യയ്ക്കായി ക്രീസില്‍ 107 റണ്‍സ് ഏഴാം വിക്കറ്റ് കൂട്ടുകെട്ടുമായി ജയന്ത് യാദവും ഷംസ് മുലാനിയുമായിരുന്നു ക്രീസില്‍. ജയന്ത് യാദവ് 71 റണ്‍സും 46 റണ്‍സ് നേടി ഷംസ് മുലാനിയും മികച്ച ഫോമില്‍ കളിക്കുമ്പോള്‍ ഇന്ത്യ വിജയ പ്രതീക്ഷയിലായിരുന്നു.

എന്നാല്‍ 47ാം ഓവര്‍ എറിഞ്ഞ അസേല ഗുണരത്നേയുടെ ഓവറില്‍ കളി മാറിമറിഞ്ഞു. ഓവറിന്റെ ആദ്യ പന്തില്‍ ജയന്ത് യാദവിനെ പുറത്താക്കിയ അസേലയുടെ അടുത്ത പന്തില്‍ ഷംസ് മുലാനി റണ്ണൗട്ടായി പുറത്തായി. അഞ്ചാം പന്തില്‍ അങ്കിത് രാജ്പുതിനെ അസേല പുറത്താക്കിയപ്പോള്‍ ഇന്ത്യ 234/6 എന്ന നിലയില്‍ നിന്ന് 235/9 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

അവിടെ നിന്ന് അതീത് സേഥ് 15 പന്തില്‍ 28 റണ്‍സ് നേടി അവസാനം വരെ പൊരുതിയെങ്കിലും അസേലയുടെ ആ ഓവറിന്റെ ക്ഷതം ഇന്ത്യയ്ക്ക് ഏറെ വലിയ വിലയാണ് നല്‍കേണ്ടി വന്നത്.