ഇന്ത്യയുടെ സ്പിന്‍ കുരുക്കിൽ വീണ് വെസ്റ്റിന്‍ഡീസ്, വീണ്ടും ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ചൊരു എട്ടാം വിക്കറ്റ് കൂട്ടുകെട്ട്

ഇന്ത്യയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ വെറും 176 റൺസിന് പുറത്തായി വെസ്റ്റിന്‍ഡീസ്. ഇന്ത്യന്‍ സ്പിന്നര്‍മാരുടെ തന്ത്രങ്ങള്‍ക്ക് മുന്നിൽ വിന്‍ഡീസ് ബാറ്റിംഗ് നിര തകര്‍ന്നടിയുന്ന കാഴ്ചയാണ് അഹമ്മദാബാദിൽ കണ്ടത്. 43.5 ഓവറിലാണ് വെസ്റ്റിന്‍ഡീസ് ഇന്നിംഗ്സ് അവസാനിച്ചത്.

57 റൺസ് നേടിയ ജേസൺ ഹോള്‍ഡര്‍ ആണ് വിന്‍ഡീസിന്റെ ടോപ് സ്കോറര്‍. 79/7 എന്ന നിലയിൽ നിന്ന് 158/8 എന്ന നിലയിലേക്ക് എട്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ഫാബിയന്‍ അല്ലനുമായി ചേര്‍ന്ന് ഹോള്‍ഡര്‍ ടീമിനെ  എത്തിയ്ക്കുകയായിരുന്നു.

പൂരനെയും പൊള്ളാര്‍ഡിനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി യൂസുവേന്ദ്ര ചഹാല്‍ തന്റെ ഏകദിനത്തിലെ നൂറ് വിക്കറ്റുകള്‍ തികയ്ക്കുകയായിരുന്നു. പിന്നീട് അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ കണ്ടത് പോലെ ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്ന ഒരു എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് വിന്‍ഡീസിനായി പിറന്നത്.

78 റൺസാണ് എട്ടാം വിക്കറ്റിൽ ഹോള്‍ഡറും ഫാബിയന്‍ അല്ലനും ചേര്‍ന്ന് നേടിയത്. 29 റൺസ് നേടിയ അല്ലനെ വാഷിംഗ്ടൺ സുന്ദര്‍ സ്വന്തം ബൗളിംഗിൽ പിടിച്ച് പുറത്താക്കുകയായിരുന്നു. അധികം വൈകാതെ ഹോള്‍ഡറും വീണപ്പോള്‍ വിന്‍ഡീസ് ചെറുത്ത്നില്പ് അവസാനിച്ചു.

Jasonholder

ഹോള്‍ഡറെ പുറത്താക്കി പ്രസിദ്ധ കൃഷ്ണ തന്റെ രണ്ടാം വിക്കറ്റ് നേടി. 18 റൺസ് വീതം നേടിയ ഡാരെന്‍ ബ്രാവോയും നിക്കോളസ് പൂരനും ആണ് വിന്‍ഡീസ് നിരയിൽ റൺസ് കണ്ടെത്തിയ മറ്റു താരങ്ങള്‍.  അവസാന വിക്കറ്റായി ചഹാല്‍ അല്‍സാരി ജോസഫിനെ പുറത്താക്കിയപ്പോള്‍ മത്സരത്തിൽ താരം 4 വിക്കറ്റ് സ്വന്തമാക്കി. സുന്ദറിന് മൂന്ന് വിക്കറ്റ് ലഭിച്ചു.