62 പന്തില്‍ 162 റണ്‍സുമായി സാസായി, 84 റണ്‍സ് ജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍

- Advertisement -

രണ്ടാം ടി20യിലും വിജയം കുറിച്ച് അഫ്ഗാനിസ്ഥാന്‍. പരമ്പര 2-0നു സ്വന്തമാക്കിയ അഫ്ഗാനിസ്ഥാന്‍ ഇന്ന് 84 റണ്‍സിന്റെ വിജയമാണ് നേടിയത്. മത്സരത്തില്‍ നിന്ന് 40 ഓവറില്‍ നിന്നായി 472 റണ്‍സാണ് പിറന്നത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ ഹസ്രത്തുള്ള സാസായിയുടെയും ഉസ്മാന്‍ ഖനിയുടെയും വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സ് നേടിയപ്പോള്‍ അയര്‍ലണ്ടിനു ആറ് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് മാത്രമേ നേടാനായുള്ളു.

സാസായി 62 പന്തില്‍ നിന്ന് 162 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഉസ്മാന്‍ ഖനി 48 പന്തില്‍ നിന്ന് 73 റണ്‍സ് നേടി. സാസായി 11 ബൗണ്ടറിയും 16 സിക്സും അടക്കമാണ് തന്റെ അപരാജിതമായ 162 റണ്‍സ് തികച്ചത്.

പോള്‍ സ്റ്റിര്‍ലിംഗ് 50 പന്തില്‍ നിന്ന് 91 റണ്‍സ് നേടിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് അത്തരത്തിലൊരു പ്രകടനം പുറത്ത് വരാതിരുന്നത് അയര്‍ലണ്ടിനു തിരിച്ചടിയായി. കെവിന്‍ ഒബ്രൈന്‍ 37 റണ്‍സും ഷെയിന്‍ ഗെറ്റ്കാറ്റെ 24 റണ്‍സും നേടി പുറത്തായി. അഫ്ഗാനിസ്ഥാനു വേണ്ടി റഷീദ് ഖാന്‍ 4 വിക്കറ്റ് നേടി.

സ്റ്റിര്‍ലിംഗ് അയര്‍ലണ്ടിനായുള്ള ഏറ്റവും ഉയര്‍ന്ന ടി20 സ്കോര്‍ നേടിയെങ്കിലും ടീമിന്റെ തോല്‍വിയുടെ മാര്‍ജിന്‍ കുറയ്ക്കുവാന്‍ പോന്നതായിരുന്നില്ല ആ പ്രകടനം.

Advertisement