അയര്‍ലണ്ടിനെതിരെ വലിയ ജയമൊരുക്കി അഫ്ഗാനിസ്ഥാന്‍ പരമ്പരയില്‍ മുന്നില്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

വെറും 223 റണ്‍സിനു ഓള്‍ഔട്ട് ആയെങ്കിലും 109 റണ്‍സിന്റെ വിജയം കരസ്ഥമാക്കി അഫ്ഗാനിസ്ഥാന്‍ പരമ്പരയില്‍ വീണ്ടും മുന്നില്‍. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത് റഷീദ് ഖാന്‍, അസ്ഗര്‍ അഫ്ഗാന്‍, മുഹമ്മദ് നബി എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍ ആണ്. 131/7 എന്ന നിലയില്‍ 54 റണ്‍സ് നേടിയ അസ്ഗര്‍ അഫഗാനെ നഷ്ടപ്പെട്ട ശേഷം നബിയും റഷീദ് ഖാനും നേടിയ 86 റണ്‍സ് കൂട്ടുകെട്ടാണ് ടീമിനെ 200 കടക്കുവാന്‍ സഹായിച്ചത്.

മുഹമ്മദ് നബി 64 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ റഷീദ് ഖാന്‍ 52 റണ്‍സ് നേടിയ. 49.1 ഓവറില്‍ അഫ്ഗാനിസ്ഥാന്‍ 223 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. അയര്‍ലണ്ടിനായി ജെയിംസ് കാമറൂണ്‍-ഡോവ് 32 റണ്‍സിനു മൂന്ന് വിക്കറ്റും ആന്‍ഡി മക്ബ്രൈന്‍, ബോയഡ് റാങ്കിന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലണ്ട് 35.3 ഓവറില്‍ 114 റണ്‍സിനാണ് ഓള്‍ഔട്ട് ആയത്. അഫ്താബ് അലമിന്റെ മുന്നില്‍ ചൂളിയ അയര്‍ലണ്ട് ബാറ്റ്സ്മാന്മാര്‍ക്കെതിരെ മുജീബ് റഹ്മാനും റഷീദ് ഖാനും രണ്ട് വീതം വിക്കറ്റ് നേടി തിളങ്ങി. 26 റണ്‍സ് നേടിയ കെവിന്‍ ഒബ്രൈന്‍ ആണ് അയര്‍ലണ്ടിന്റെ ടോപ് സ്കോറര്‍. വില്യം പോര്‍ട്ടര്‍ ഫീല്‍ 21 റണ്‍സും സിമി സിംഗ് 20 റണ്‍സും നേടി. അഫ്താബ് അലം 4 വിക്കറ്റ് നേടിയപ്പോള്‍ തന്റെ ഓള്‍റൗണ്ട് പ്രകടനത്തിനു റഷീദ് ഖാന്‍ മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കി.