ഏകദിനത്തിലും അഫ്ഗാനിസ്ഥാന്‍ തന്നെ മുന്നില്‍

- Advertisement -

അയര്‍ലണ്ടിനെതിരെ കുറഞ്ഞ സ്കോറിനു പുറത്തായ ശേഷം ബൗളര്‍മാരുടെ മികവില്‍ ഏകദിന വിജയം പിടിച്ചെടുത്ത് അഫ്ഗാനിസ്ഥാന്‍. ടി20 പരമ്പര സ്വന്തമാക്കിയെത്തിയ അഫ്ഗാനിസ്ഥാനെ 227 റണ്‍സിനു പിടിച്ചുകെട്ടുവാന്‍ അയര്‍ലണ്ടിനായെങ്കിലും മറുപടി ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ക്ക് 198 റണ്‍സ് മാത്രമേ നേടാനായുള്ളു. 29 റണ്‍സിന്റെ വിജയമാണ് അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 227/9 എന്ന സ്കോറാണ് 50 ഓവറില്‍ നിന്ന് നേടിയത്. ഗുല്‍ബാദിന്‍ നൈബ്(64), ഹഷ്മത്തുള്ള ഷഹീദി(54) എന്നിവര്‍ക്കൊപ്പം റഹ്മത് ഷാ(29), അസ്ഗര്‍ അഫ്ഗാന്‍(25) എന്നിവരുടെ സംഭാവനകള്‍ കൂടി ചേര്‍ന്നപ്പോളാണ് അഫ്ഗാനിസ്ഥാന് 227 റണ്‍സ് നേടാനായത്. ടിം മുര്‍ട്ഗ 31 റണ്‍സ് മാത്രം വിട്ടു നല്‍കി 4 വിക്കറ്റ് നേടിയപ്പോള്‍ ബോയഡ് റാങ്കിന്‍ മൂന്ന് വിക്കറ്റുകള്‍ നേടി.

ആന്‍ഡ്രൂ ബാല്‍ബിര്‍ണേ(55), ഗാരി വില്‍സണ്‍(38) എന്നിവരൊഴികെ ആര്‍ക്കും തന്നെ വ്യക്തമായൊരു പ്രഭാവം അയര്‍ലണ്ട് ബാറ്റിംഗ് നിരയില്‍ കാഴ്ചവയ്ക്കാനാകാതെ പോയപ്പോള്‍ 48.3 ഓവറില്‍ അയര്‍ലണ്ട് 198 റണ്‍സിനു ഓള്‍ഔട്ട് ആയി. രണ്ട് വീതം വിക്കറ്റുമായി അഫ്താബ് അലം, റഷീദ് ഖാന്‍, മുഹമ്മദ് നബി എന്നിവരാണ് സന്ദര്‍ശകര്‍ക്കായി തിളങ്ങിയത്.

Advertisement