ഏകദിനത്തിലും ജയിച്ച് തന്നെ തുടങ്ങി അഫ്ഗാനിസ്ഥാന്‍

- Advertisement -

അയര്‍ലണ്ടിനെ ടി20 പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്തതിനു ശേഷം ഏകദിനത്തിലും വിജയത്തുടക്കവുമായി അഫ്ഗാനിസ്ഥാന്‍. ഡെറാഡൂണിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 161 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിംഗ് മാത്രം 89 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ മറ്റു താരങ്ങള്‍ക്കാര്‍ക്കും തന്നെ മികവ് പുലര്‍ത്താനാകാതെ പോകുകയായിരുന്നു. 37 റണ്‍സ് നേടിയ ജോര്‍ജ്ജ് ഡോക്രെല്‍ ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍.

രണ്ടാം ഓവറില്‍ തുടങ്ങിയ വിക്കറ്റ് വീഴ്ച 49.2 ഓവറില്‍ ഓള്‍ഔട്ട് രൂപത്തില്‍ അവസാനിച്ചപ്പോള്‍ അഫ്ഗാനിസ്ഥാനു വേണ്ടി ദവലത് സദ്രാനും മുജീബ് ഉര്‍ റഹ്മാനും മൂന്ന് വീതം വിക്കറ്റ് നേടി. മുജീബ് 10 ഓവറില്‍ വെറും 14 റണ്‍സാണ് വിട്ട് നല്‍കിയത്. ഗുല്‍ബാദിന്‍ നൈബും രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാനും ജയം 41.5 ഓവറില്‍ മാത്രമാണ് സ്വന്തമാക്കാനായത്. ലക്ഷ്യം തീരെ ചെറുതായിരുന്നുവെങ്കിലും 5 വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. മുഹമ്മദ് ഷെഹ്സാദ് 43 റണ്‍സ് നേടിയപ്പോള്‍ ഗുല്‍ബാദിന്‍ നൈബ് 46 റണ്‍സുമായി ടോപ് സ്കോറര്‍ ആയി. താരം തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഹസ്രത്തുള്ള സാസായി 25 റണ്‍സും റഹ്മത് ഷാ 22 റണ്‍സും മത്സരത്തില്‍ നേടി.

Advertisement