23 റണ്‍സിനിടെ അഞ്ച് വിക്കറ്റ് നഷ്ടം, അഫ്ഗാനിസ്ഥാന് തോല്‍വി

- Advertisement -

മോശംതുടക്കത്തിന് ശേഷം നജീബുള്ള സദ്രാന്‍-മുഹമ്മദ് നബി കൂട്ടുകെട്ട് നടത്തിയ ആറാം വിക്കറ്റിലെ ചെരുത്ത് നില്പിന്റെ ബലത്തില്‍ വിന്‍ഡീസിനെതിരെ പ്രതീക്ഷയാര്‍ന്ന പ്രകടനം അഫ്ഗാനിസ്ഥാന് പുറത്തെടുത്തുവെങ്കിലും തുടരെയുള്ള പന്തുകളില്‍ നജീബുള്ളയയെും മുഹമ്മദ് നബിയെയും നഷ്ടമായ അഫ്ഗാനിസ്ഥാന്‍ 200 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ വിന്‍ഡീസിന് 47 റണ്‍സിന്റെ വിജയം രണ്ടാം ഏകദിനത്തില്‍ നേടാനായി.

177/5 എന്ന നിലയില്‍ നിന്നാണ് അഫ്ഗാനിസ്ഥാന്‍ 200 റണ്‍സിന് ഓള്‍ൗട്ട് ആയത്. 56 റണ്‍സ് നേടിയ നജീബുള്ള സദ്രാനെ 39ാം ഓവറിന്റെ അവസാന പന്തില്‍ ഷെല്‍ഡണ്‍ കോട്രെല്‍ പുറത്താക്കിയപ്പോള്‍ തൊട്ടടുത്ത ഓവറിന്റെ ആദ്യ പന്തില്‍ മുഹമ്മദ് നബിയെ ഹെയ്ഡാന്‍ വാല്‍ഷ് പുറത്താക്കി. റഹ്മത് ഷാ(33) ആണ് റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം. വിന്‍ഡീസിനായി റോഷ്ടണ്‍ ചേസ്, ഹെയ്ഡന്‍ വാല്‍ഷ്, ഷെല്‍ഡണ്‍ കോട്രെല്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി. 45.4 ഓവറിലാണ് അഫ്ഗാനിസ്ഥാന്‍ ഓള്‍ഔട്ട് ആയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 9 വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സാണ് നേടിയത്. നിക്കോളസ് പൂരന്‍ 67 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ എവിന്‍ ലൂയിസ്(54), ഷായി ഹോപ്(43), ഷിമ്രണ്‍ ഹെറ്റ്മ്യര്‍(34) എന്നിവര്‍ റണ്‍സ് കണ്ടെത്തി. അഫ്ഗാനിസ്ഥാന്‍ ബൗളര്‍മാരില്‍ നവീന്‍ ഉള്‍ ഹക്ക് 3 വിക്കറ്റ് നേടി.

ലക്നൗവിലെ ഭാരത് രത്ന ശ്രീ അടല്‍ ബിഹാരി വാജ്പേയ് ഏകന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരവും വിന്‍ഡീസ് 7 വിക്കറ്റിന് വിജയിച്ചിരുന്നു. ഇന്നത്തെ ജയത്തോടെ പരമ്പര 2-0ന് വിന്‍ഡീസ് സ്വന്തമാക്കി. ടി20 പരമ്പരയും ഏക ടെസ്റ്റും ഇതേ സ്റ്റേഡിയത്തിലാണ് നടക്കുക.

Advertisement