അഞ്ച് വിക്കറ്റ് നേടി പാണ്ട്യ, മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ ആധിപത്യം

- Advertisement -

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാമത്തെ ടെസ്റ്റിൽ രണ്ടാം ദിവസം അവസാനിക്കുമ്പോൾ മത്സരത്തിൽ ഇന്ത്യക്ക് ആധിപത്യം. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് എടുത്തിട്ടുണ്ട്. മൂന്ന് ദിവസം ബാക്കി നിൽക്കെ ഇന്ത്യക്ക് 292 റൺസിന്റെ ലീഡ് ഉണ്ട്. 33 റൺസ് എടുത്ത പൂജാരയും 8 റൺസ് എടുത്ത ക്യാപ്റ്റൻ വിരാട് കോഹ്ലിയുമാണ് ക്രീസിൽ. മത്സരത്തിൽ മൂന്ന് ദിവസം ശേഷിക്കെ ഇന്ത്യക്ക് വ്യക്തമായ മുൻതൂക്കമുണ്ട്.

ഇന്ന് രാവിലെ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 329 റൺസിന്‌ ഓൾ ഔട്ട് ആയി. വാലറ്റ നിരയിൽ ആർക്കും കാര്യമായി റൺസ് ഉയർത്താൻ സാധിച്ചില്ല. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവർട് ബ്രോഡ്, ആൻഡേഴ്സൺ, വോക്‌സ് എന്നിവർ 3 വിക്കറ്റ് വീതം വീഴ്ത്തി. തുടർന്ന് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടി ഹർദിക് പാണ്ട്യയുടെ ബൗളിങ്ങിൽ തകർന്ന് തരിപ്പണമാവുകയായിരുന്നു. ടെസ്റ്റിലെ തന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ പാണ്ട്യ ഇംഗ്ലണ്ട് സ്കോർ 161ൽ ഒതുക്കുകയായിരുന്നു. ഇംഗ്ലണ്ട് നിരയിൽ 39 റൺസ് എടുത്ത ബട്ലർക്കും 29 റൺസ് എടുത്ത കുക്കിനും മാത്രമേ കുറച്ചെങ്കിലും പിടിച്ചു നിൽക്കാനായുള്ളു. വെറും 6 ഓവറിലാണ് പാണ്ട്യ 5 ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാരെ പുറത്താക്കിയത്. ബുംറയും ഇഷാന്ത് ശർമയും രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് ഷമി ഒരു വിക്കറ്റ് വീഴ്ത്തി.

തുടർന്ന് രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് കെ.എൽ രാഹുലും ധവാനും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ആദ്യ വിക്കറ്റിൽ 60റൺസ് കൂട്ടിച്ചേർത്തു.  36 റൺസ് എടുത്ത രാഹുൽ സ്റ്റോക്സിനു വിക്കറ്റ് നൽകി മടങ്ങിയപ്പോൾ 44 റൺസ് എടുത്ത ധവാനെ റഷീദ് പുറത്താക്കുകയായിരുന്നു.

Advertisement