ഒടുവില്‍ ഇന്ത്യയുടെ പ്രതിരോധം ഭേദിച്ച് ഇംഗ്ലണ്ട്, 118 റണ്‍സ് ജയം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

2/3 എന്ന നിലയില്‍ നിന്ന് 345 റണ്‍സ് വരെ രണ്ടാം ഇന്നിംഗ്സില്‍ നേടുവാന്‍ ഇന്ത്യയ്ക്കായെങ്കിലും തോല്‍വി ഒഴിവാക്കുവാന്‍ ടീമിനു സാധിച്ചില്ല. ടെസ്റ്റ് അവസാനിക്കുവാന്‍ ഏതാനും ഓവറുകള്‍ മാത്രം അവശേഷിക്കെ ഇന്ത്യ 345 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ 118 റണ്‍സിന്റെ ജയമാണ് ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് ഇന്ന് കെന്നിംഗ്ടണ്‍ ഓവലില്‍ സ്വന്തമാക്കിയത്. ജയത്തോടെ 4-1നു പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി.

ലോകേഷ് രാഹുലിന്റെയും ഋഷഭ് പന്തിന്റെയും ശതകങ്ങളാണ് ഇന്ത്യയ്ക്ക് ആശ്വസിക്കുവാനുള്ള വക. വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യയെ മുന്നോട്ട് നയിച്ച രാഹുല്‍-രഹാനെ കൂട്ടുകെട്ടിനു ശേഷം ഹനുമ വിഹാരി പൂജ്യത്തിനു പുറത്തായെങ്കിലും ആറാം വിക്കറ്റില്‍ പരമ്പരയിലെ തന്നെ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റിംഗ് കൂട്ടുകെട്ടിനെയാണ് കെന്നിംഗ്ടണ്‍ ഓവലില്‍ അഞ്ചാം ദിവസം കളി കാണുവാനെത്തിയവര്‍ കണ്ടത്. ലോകേഷ് രാഹുലും ഋഷഭ് പന്തും തങ്ങളുടെ മികച്ച രീതിയിലുള്ള ബാറ്റിംഗ് പ്രകടനം പുറത്തെടുത്തപ്പോള്‍ മത്സരത്തില്‍ ആദ്യമായി ഇംഗ്ലണ്ട് പ്രതിരോധത്തിലായി.

204 റണ്‍സ് കൂട്ടുകെട്ടിനെ തകര്‍ത്തത് ഇംഗ്ലണ്ടിനെ വീണ്ടും മത്സരത്തിലേക്ക് തിരികെ എത്തിച്ചത് ആദില്‍ റഷീദാണ്. 149 റണ്‍സ് നേടിയ രാഹുലിനെ ആദ്യം പുറത്താക്കിയ റഷീദ് തന്റെ അടുത്ത ഓവറില്‍ 114 റണ്‍സുമായി ബാറ്റ് ചെയ്യുകയായിരുന്നു പന്തിനെയും വീഴ്ത്തി. പിന്നീട് ഇന്ത്യ 17 റണ്‍സ് കൂടി നേടി ഓള്‍ഔട്ട് ആവുകയായിരുന്നു. 15ല്‍ താഴെ മാത്രം ഓവറുകള്‍ ശേഷിക്കെയായിരുന്നു ഇന്ത്യ ഓള്‍ഔട്ട് ആയത്. ആദില്‍ റഷീദ് നല്‍കിയ ആ ബ്രേക്ക്ത്രൂകളാണ് ഇംഗ്ലണ്ടിനു കെന്നിംഗ്ടണ്‍ ഓവലിലും വിജയക്കൊടി പാറിപ്പിക്കുവാന്‍ സഹായകരമായത്.

ജെിയംസ് ആന്‍ഡേഴ്സണ്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ സാം കറന്‍, ആദില്‍ റഷീദ് എന്നിവര്‍ രണ്ടും സ്റ്റുവര്‍ട് ബ്രോഡ്, മോയിന്‍ അലി, ബെന്‍ സ്റ്റോക്സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.