ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ കിറ്റ് സ്പോൺസറായി ജർമ്മൻ സ്പോർട്സ് ഗുഡ്സ് മൾട്ടിനാഷണൽ അഡിഡാസ് എത്തും എന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു. ഇടക്കാല സ്പോൺസറായി വന്ന കില്ലർ ജീൻസ് നിർമ്മാതാവായ കേവൽ കിരൺ ക്ലോത്തിംഗ് ലിമിറ്റഡിന് പകരം ആകും അഡിഡാസ് വരിക. മെയ് 31 മുതൽ ഇന്ത്യൻ ടീമിന്റെ ജേഴ്സി അഡിഡാസ് ഡിസൈൻ ചെയ്ത് തുടങ്ങും.
“ഒരു കിറ്റ് സ്പോൺസർ എന്ന നിലയിൽ അഡിഡാസുമായുള്ള @BCCI-യുടെ പങ്കാളിത്തം പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ക്രിക്കറ്റ് കളി വളർത്തിയെടുക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, ലോകത്തിലെ പ്രമുഖ സ്പോർട്സ് വെയർ ബ്രാൻഡുകളിലൊന്നുമായി പങ്കാളിയാകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.” ജയ് ഷാ തിങ്കളാഴ്ച ട്വീറ്റ് ചെയ്തു.
നിലവിലെ സ്പോൺസറായ കില്ലർ ജീൻസിന്റെ കരാർ മെയ് 31-ന് ആണ് അവസാനിക്കുന്നത്. കില്ലർ ജീൻസിനു മുമ്പ് എംപിഎൽ ആയിരുന്നു ഇന്ത്യയുടെ കിറ്റ് സ്പോൺസർ. MPL-ൽ നിന്നാണ് കിറ്റ് സ്‌പോൺസർഷിപ്പ് കില്ലർ ഏറ്റെടുത്തത്.