അഡ്‌ലെയ്ഡ് ടെസ്റ്റ് നേരത്തെ തീരുമാനിച്ച പ്രകാരം നടക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റ് നേരത്തെ തീരുമാനിച്ച പ്രകാരം തന്നെ നടക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ സി.ഇ.ഓ നിക്ക് ഹോക്‌ലി. നേരത്തെ അഡ്ലെയ്ഡ് ഉൾപ്പെടുന്ന സൗത്ത് ഓസ്ട്രേലിയയിൽ കൊറോണ വൈറസ് ബാധ വർദ്ധിച്ചതിനെ തുടർന്ന് ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരുന്നു.

എന്നാൽ ഓസ്ട്രേലിയ ക്രിക്കറ്റ് ബോർഡ് സൗത്ത് ഓസ്‌ട്രേലിയൻ സർക്കാരുമായി നിരന്തരം ബന്ധപെടുന്നുണ്ടെന്നും നിലവിൽ ഉണ്ടായ വൈറസ് ബാധ നിയന്ത്രണ വിധേയമാക്കുമെന്നാണ് പ്രതീക്ഷയെന്നും നിക്ക് ഹോക്‌ലി പറഞ്ഞു. സർക്കാർ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ കഴിഞ്ഞ ശനിയാഴ്ച അവസാനിച്ചെന്നും അതുകൊണ്ട് തന്നെ ടെസ്റ്റ് മത്സരം നേരത്തെ തീരുമാനിച്ച പോലെ നടക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും നിക്ക് ഹോക്‌ലി പറഞ്ഞു.

ഡിസംബർ 17ന് അഡ്‌ലെയ്ഡിൽ വെച്ചാണ് ഗാവസ്‌കർ – ബോർഡർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരം. ഇന്ത്യൻ ടീം വിദേശത്ത് കളിക്കുന്ന ആദ്യ പിങ്ക് ബോൾ ടെസ്റ്റ് എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.